ഇസ്ലാമാബാദ്: അന്താരാഷ്ട്ര ഭീകരവാദ സൂചികയിൽ ഒന്നാമത് എത്തിയതിന് പിന്നാലെ, നാണക്കേടിന്റെ മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിൽ കുറിച്ച് പാകിസ്താൻ. വായുമലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിലാണ് ഏറ്റവും പുതിയതായി പാകിസ്താൻ ഒന്നാമത് എത്തിയിരിക്കുന്നത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്യു എയർ പുറത്തുവിട്ട 2025ലെ വാർഷിക റിപ്പോർട്ടിലാണ് പാകിസ്താന്റെ ദയനീയ സ്ഥിതി വിശദമാക്കുന്നത്.
പി എം 2.5 എന്ന അപകടകരമായ സൂക്ഷ്മഘടകങ്ങളുടെ വായുവിലെ സാന്നിധ്യം ആധാരമാക്കിയാണ് ഐക്യു എയർ റിപ്പോർട്ട് തയ്യാറാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അംഗീകൃത തോതിനേക്കാൾ 13 മടങ്ങാണ് പാകിസ്താനിലെ വായുവിൽ ഈ ഘടകങ്ങളുടെ സാന്നിധ്യം.
പരിശോധനക്ക് വിധേയമാക്കിയ 143 രാജ്യങ്ങളിൽ, 130 ഇടങ്ങളിലെയും വായുവിൽ പി എം 2.5ന്റെ സാന്നിധ്യം സാധാരണയിലും ഉയർന്ന തോതിലാണ് എന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്. പട്ടികയിൽ പാകിസ്താന് പിന്നിൽ രണ്ടാം സ്ഥാനത്ത് ബംഗ്ലാദേശും മൂന്നാമത് താജികിസ്താനുമാണ്.
റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ലോണിയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള നഗരം. ലോകത്തിലെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള നഗരങ്ങളിൽ കാൽ ഭാഗവും ഇന്ത്യയിലും പാകിസ്താനിലും ചൈനയിലുമാണ്. ഓസ്ട്രേലിയ, ഐസ്ലാൻഡ്, എസ്റ്റോണിയ, പനാമ എന്നിവയാണ് വായു മലിനീകരണം ഏറ്റവും കുറവുള്ള രാജ്യങ്ങൾ.

