ന്യൂഡൽഹി: അനുമതിയില്ലാതെ തന്റെ ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദം എന്നിവ പരസ്യങ്ങൾക്കുൾപ്പെടെ ഉപയോഗിക്കുന്നതിനെതിരെ നടൻ മോഹൻലാൽ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി പരിഗണിച്ചു .തന്റെ വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഹർജി നൽകിയിരിക്കുന്നത് . ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെ നിരവധി കക്ഷികളെ പ്രതികളായി ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസ് ജ്യോതി സിംഗാണ് കേസ് പരിഗണിക്കുന്നത്.
നേരത്തെ, ബോളിവുഡ് നടന്മാരായ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, അനിൽ കപൂർ, സോനാക്ഷി സിൻഹ എന്നിവർ സമാനമായ വിഷയങ്ങളിൽ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവുകൾ ലഭിക്കുകയും ചെയ്തിരുന്നു.
ഡിജിറ്റൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലകളിൽ, ഐഡന്റിറ്റി ദുരുപയോഗത്തിനെതിരെ നിയമ പോരാട്ടങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് മോഹൻലാലും സമാന ഹർജി നൽകിയിരിക്കുന്നത് . സോനാക്ഷി സിൻഹയുടെ കേസിലെ നടപടിക്രമങ്ങൾക്കിടെ, അത്തരം ലംഘനങ്ങളുടെ പ്രത്യേക ഉദാഹരണങ്ങൾ കോടതി തേടുകയും പ്രസക്തമായ ഡിജിറ്റൽ തെളിവുകൾ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
അനുമതിയില്ലാതെ ഉത്പന്നങ്ങൾ നിർമിച്ച് വിൽപ്പന നടത്തുന്നു. എഐ- ഡീപ് ഫെയ്ക്ക് നിർമിത ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നു. വോയ്സ് ക്ലോണിങ് നടത്തുന്നു. താരം പിന്തുണയ്ക്കുന്നതായി വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്നും ഇന്ന് കേസ് പരിഗണിക്കവേ മോഹൻലാലിന്റെ അഭിഭഷകൻ ചൂണ്ടിക്കാട്ടി.താരത്തിന്റെ ശബ്ദം എങ്ങനെ ക്ലോൺ ചെയ്യാമെന്ന് പഠിപ്പിക്കുന്ന വീഡിയോ യൂട്യൂബിൽ ഉണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വാദിഭാഗം ഹാജരാക്കിയ ലിങ്കുകൾ പരിശോധിച്ച കോടതി ആളുകൾ എന്തൊക്കെയാണ് ചെയ്യുന്നത് ആശ്ചര്യം പ്രകടിപ്പിച്ചു. തുടർന്ന് ലിങ്കുകളിലെ ഉള്ളടക്കങ്ങൾ ഉടൻ നീക്കാൻ ഉത്തരവ് നൽകി. ആമസോണിനും ഗൂഗിളിനുവേണ്ടി അഭിഭാഷകർ കോടതിയിൽ ഹാജരായി.
എന്നാൽ മെറ്റയുടെ അഭിഭാഷകൻ കോടതിയിൽ ഉണ്ടായിരുന്നില്ല . മെറ്റയുടെ അഭിഭാഷകനോട് കോടതിയിൽ ഹാജരാകാൻ നിർദേശിച്ച കോടതി അരമണിക്കൂർ വാദം നിർത്തി വച്ചു. വാദം പുനരാരംഭിച്ചപ്പോൾ തനിക്ക് നോട്ടീസ് ലഭിച്ചിരുന്നില്ലെന്ന് മെറ്റയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.നോട്ടീസ് നൽകാൻ നിർദേശിച്ച കോടതി കേസ് ഉച്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റി.

