ലഖ്നൗ: മഹാകുംഭ മേളയോടനുബന്ധിച്ച് വൻ പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് റെയിൽവേ . 50 ദിവസങ്ങൾക്കിടെ 13000 ട്രെയിനുകളാണ് സർവീസ് നടത്താൻ പോകുന്നത് . ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള നടക്കുന്നത്.
ഉത്തർപ്രദേശിലെ പ്രയാഗ് രാജിലെ മഹാ കുംഭ മേളയിൽ പങ്കെടുക്കുവാൻ ലോകത്തിലെ പല ഭാഗങ്ങളിൽ നിന്നുമാണ് തീർത്ഥാടകർ എത്തുക. അതുകൊണ്ടുതന്നെ തീർത്ഥാടകരുടെ വൻ തിരക്കും അനുഭവപ്പെടും. ഈ തിരക്ക് കണക്കിലെടുത്താണ് റെയിൽവേ പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്.
കുംഭമേളയിൽ എത്തുന്നവർക്ക് പ്രത്യേക ട്രെയിൻ സർവീസുകളും റെയിൽവെ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 13000 ൽ ഏറെ ട്രെയിൻ സർവീസുകളാണ് നടപ്പാക്കുന്നത്. കൂടാതെ, 10000 റെഗുലർ ട്രെയിനുകളും 3000
സ്പെഷ്യൽ ട്രെയിനുകളും അധികമായി സർവീസ് നടത്തും. സ്പെഷ്യൽ ട്രെയിനുകളിൽ 1800 ട്രെയിനുകൾ ഹ്വസ്വദൂരത്തിനും 560 ട്രെയിനുകൾ ദീർഘ ദൂരത്തിനും 500 ട്രെയിനുകൾ റിംഗ് റെയിൽ ലൈനിലും സർവ്വീസ് നടത്തും.
പ്രയാഗ് രാജ് – അയോദ്ധ്യ – വാരണാസി – പ്രയാഗ് രാജ്
പ്രയാഗ് രാജ് – സംഗം പ്രയാഗ് – ജാൻപൂർ – പ്രയാഗ്
പ്രയാഗ് രാജ് – ഗോവിന്ദ് പൂരി – പ്രയാഗ് രാജ് ചിത്രക്കൂട്
ഗോവിങ്പൂരി- ചിത്രക്കൂട്- ത്സാൻസി എന്നീ റൂട്ടുകളിലൂടെയാവും റിംഗ് റെയിൽ സർവ്വീസ് നടത്തുക.
പ്രയാഗ് രാജിലെയും വാരണാസിയിലെയും പ്രധാന സ്റ്റേഷനുകളിൽ 1609 കോടിയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. സ്റ്റേഷനുകളിൽ ഇതിന്റെ ഭാഗമായി 1400 സിസിടിവി ക്യാമറകളും 200 ഫെയ്സ് റെക്കഗനൈസിംഗ് ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, പ്രയാഗ് രാജ് ജംഗ്ഷൻ സ്റ്റേഷനിലെ സർവൈലൻസ് റൂമിൽ 24 മണിക്കൂറും നിരീക്ഷണ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 10 സ്റ്റേഷനുകളിലായി 560 ഓളം ടിക്കറ്റ് കൗണ്ടറുകളും തുടങ്ങിയിട്ടുണ്ട്. ഇതിൽ നിന്നും 1 ദിവസം 10 ലക്ഷത്തോളം ടിക്കറ്റുകൾ നൽകാൻ സാധിക്കും.
തീർത്ഥാടകരുടെ തിരക്ക് മാനിച്ച് 1800 ൽ അധികo ആർ പി എഫ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ടെന്നും അതോടൊപ്പം കൂടുതൽ വിശ്രമമുറികളും വൈദ്യസഹായവും ഉറപ്പാക്കുമെന്നും നോർത്ത് സെൻട്രൽ റെയിൽവെ ജനറൽ മാനേജർ ഉപേന്ദ്ര ചന്ദ്ര ജോഷി അറിയിച്ചു.