ന്യൂഡൽഹി: ക്യു ആർ കോഡ് ഉൾപ്പെടുത്തിയ പുതിയ പാൻ കാർഡിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ഉപഭോക്താക്കൾക്ക് ഡിജിറ്റലായി ഉപയോഗിക്കാൻ കഴിയുന്ന കാർഡാണ് ഇത്. പാൻ, ടാൻ സേവനങ്ങളും പിൽക്കാലത്ത് നികുതി സംബന്ധമായ എല്ലാ രേഖകളും ഡിജിറ്റലാക്കുക എന്നതാണ് പാൻ 2.0യുടെ ലക്ഷ്യം.
കടലാസ് രഹിതവും പരിസ്ഥിതിസൗഹൃദവുമായ ഈ കാർഡ് അതിവേഗ ഡിജിറ്റൽ ഉപയോഗം വാഗ്ദാനം ചെയ്യുന്നു. പാൻ കാർഡ് ഡിജിറ്റൽ ആകുന്നതോടെ ഉയരുന്ന, സൈബർ തട്ടിപ്പ് എന്ന ആശങ്ക ഒഴിവാക്കാൻ കേന്ദ്രീകൃത പോർട്ടൽ സജ്ജമാക്കിയതായി കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിട്ടുണ്ട്. മികച്ച സുരക്ഷയാണ് പാൻ 2.0യുടെ മറ്റൊരു സവിശേഷത. വിവരങ്ങളുടെ കാര്യത്തിൽ കൂടുതൽ കൃത്യതയും ഇത് പ്രദാനം ചെയ്യുന്നു.
നിലവിൽ പാൻ കാർഡ് ഉള്ളവർക്ക് പാൻ 2.0യിലേക്കുള്ള മാറ്റം സൗജന്യമാണ്. പാൻ 2.0 വന്നാലും നിലവിലെ പാൻ കാർഡുകൾ അസാധുവാകില്ല. പാൻ 2.0 ലഭ്യമാകാൻ നേരിട്ട് അപേക്ഷ നൽകേണ്ടതില്ല. പാൻ 2.0 പ്രാബല്യത്തിൽ വരുന്ന തീയതി കേന്ദ്ര സർക്കാർ ഉടൻ പ്രഖ്യാപിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.