ചെന്നൈ : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ മത്സരം സനാതനധർമ്മവും, ദ്രാവിഡ പ്രത്യയശാസ്ത്രവും തമ്മിലായിരിക്കുമെന്ന് നടൻ സത്യരാജ് . സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം മതശക്തികൾക്ക് സംസ്ഥാനത്ത് സ്ഥാനമില്ലെന്നും സത്യരാജ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ എല്ലാം ഒരു പ്രത്യേക വംശത്തിലേയ്ക്ക് മാത്രം പോകണമെന്നുള്ളതാണ് സനാതന പ്രത്യേയശാസ്ത്രം . എല്ലാം എല്ലാവർക്കും പോകണമെന്നുള്ളതാണ് ദ്രാവിഡ പ്രത്യയശാസ്ത്രം . സിനിമയും രാഷ്ട്രീയവും വ്യത്യസ്തമാണ്. പഞ്ച് ഡയലോഗുകൾ കൊണ്ട് പൊതുജനങ്ങളുടെ കൈയ്യടി മാത്രമേ ലഭിക്കൂ.
ജനങ്ങളെ ആകർഷിക്കുന്ന വാക്കുകളേക്കാൾ ഭരണത്തിൽ കാണിക്കുന്ന ഉത്തരവാദിത്തവും പ്രവർത്തനവുമാണ് പ്രധാനം . രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നവർ ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും നയങ്ങളിൽ ഉറച്ച വ്യക്തതയും ഉണ്ടായിരിക്കണം. തമിഴ്നാടിനെ മറ്റൊരു അയോധ്യയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം മതശക്തികൾക്ക് സംസ്ഥാനത്ത് സ്ഥാനമില്ല. . സിനിമാ മേഖലയിലെ നേതാക്കൾ തമിഴ്നാട്ടിൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് പുതിയ കാര്യമല്ല. എംജിആർ, ജയലളിത തുടങ്ങിയ നേതാക്കളുടെ പാരമ്പര്യം ഇപ്പോഴും ചർച്ചയിലാണ്. എങ്കിലും , നിലവിലെ സാഹചര്യത്തിൽ, സോഷ്യൽ മീഡിയയുടെ സ്വാധീനം, ആരാധക രാഷ്ട്രീയം, താര ഇമേജിനെ അടിസ്ഥാനമാക്കിയുള്ള വോട്ട് നേടൽ എന്നിവ പുതിയതാണ്. “ എന്നും സത്യരാജ് പറഞ്ഞു.
കഴിഞ്ഞ ദിവസം സത്യരാജിന്റെ മകൾ ദിവ്യ സത്യരാജ് നടനും ടിവികെ നേതാവുമായ വിജയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തിട്ടാണ് വിജയ് രാഷ്ട്രീയത്തിൽ വന്നതെന്നാണ് ദിവ്യയുടെ ചോദ്യം.

