ഇസ്ലാമാബാദ് ; പഹൽഗാം ആക്രമണത്തിന് ബദലായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ 138 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി സമ ടിവിയുടെ വെളിപ്പെടുത്തൽ. വ്യാഴാഴ്ച സമ ടിവി പ്രസിദ്ധീകരിച്ച വാർത്താ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുകൾ.
ഓപ്പറേഷൻ സിന്ദൂരിനിടെ ‘പരമോന്നത ത്യാഗം’ നടത്തി എന്ന പേരിൽ സർക്കാർ അവാർഡ് നൽകിയ 138 ‘ഷഹീദ്’ (മരിച്ച) സൈനികരുടെ പേരുകൾ പാകിസ്ഥാൻ വാർത്താ ചാനൽ പ്രസിദ്ധീകരിച്ചിരുന്നു.
“ഓപ്പറേഷൻ ബനിയാനുൻ മർസൂസിൽ അവരുടെ മികച്ച ധൈര്യത്തിനും, ധീരതയ്ക്കും, പരമമായ ത്യാഗത്തിനും പാകിസ്ഥാൻ പ്രസിഡന്റ് കരസേന, നാവികസേന, വ്യോമസേന എന്നിവയിലെ ഉദ്യോഗസ്ഥർക്കും സൈനികർക്കും അവാർഡ് നൽകിയിട്ടുണ്ട്,” എന്ന് ലേഖനത്തിൽ പറയുന്നു.
ആദരിക്കപ്പെട്ട 138 സായുധ ഉദ്യോഗസ്ഥരുടെ പേരുകൾക്കൊപ്പം ‘ഷഹീദ്’ എന്ന വാക്ക് ചേർത്തിരുന്നു. അവരിൽ 4 പേർക്ക് ‘തംഘ-ഇ-ജുറാത്ത്’ ലഭിച്ചു, ഒരാൾക്ക് ‘സിതാര-ഇ-ബസലാത്ത്’ ലഭിച്ചു.
4 പാകിസ്ഥാൻ സൈനികർക്ക് ‘തംഘ-ഇ-ബസലാത്ത്’ ലഭിച്ചു, മറ്റ് 129 പേർക്ക് മരണാനന്തരം ‘ഇംതിയാസി സനദ്’ ലഭിച്ചു.മരിച്ച പാകിസ്ഥാൻ സൈനികരുടെ പേരുകൾ ഇന്ത്യൻ സായുധ സേന പാകിസ്ഥാന് വരുത്തിയ നാശനഷ്ടങ്ങളുടെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ്. അതേസമയം ലേഖനം വന്ന് അല്പസമയത്തിനുള്ളിൽ തന്നെ സമ ടിവി ലേഖനം പിൻവലിക്കുകയും ചെയ്തു.
അടുത്തിടെയായി പാകിസ്ഥാനിൽ നിന്ന് വീണ്ടും ഇന്ത്യയ്ക്ക് നേരെ ഭീഷണികൾ ഉയർന്നിരുന്നു. ഇന്ത്യയെ ഒരിക്കലും മറക്കാത്ത ഒരു പാഠം പാകിസ്ഥാൻ പഠിപ്പിക്കുന്ന ഭീഷണിയാണ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉയർത്തിയത്. പതിറ്റാണ്ടുകൾ പഴക്കമുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചതിൽ ബിലാവൽ ഭൂട്ടോ ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണി മുഴക്കിയിരുന്നു. ഇന്ത്യയുടെ നടപടികൾ പാകിസ്ഥാന് “വലിയ നാശനഷ്ടം” വരുത്തിവച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എല്ലാ പാകിസ്ഥാനികളും ഒന്നിക്കണമെന്നുമായിരുന്നു ബിലാവൽ ഭൂട്ടോ പറഞ്ഞത്.
അതിനുമുമ്പ്, പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ, ആണവയുദ്ധത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ഇന്ത്യയുമായുള്ള ഭാവി യുദ്ധത്തിൽ ഇസ്ലാമാബാദിന് നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ “ലോകത്തിന്റെ പകുതി” നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് സിന്ധു നദീജല കരാർ ഇന്ത്യ നിർത്തിവച്ചത് .

