കൊച്ചി : ദിലീപിന് ആശ്വാസം . നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി . ദിലീപും പള്‍സര്‍ സുനിയും തമ്മിലുളള ഗൂഢാലോചനയുടെ ഫലമായാണ് നടി ആക്രമിക്കപ്പെട്ടത് എന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി.
മലയാള സിനിമയിലെ പ്രമുഖ നായികാതാരത്തെ കാർ തടഞ്ഞുനിർത്തി ഉപദ്രവിച്ചതായാണ് കേസ് . അങ്കമാലിയിലെ അത്താണിക്കു സമീപത്തായിരുന്നു സംഭവം. കാറിൽ അതിക്രമിച്ചു കയറിയ സംഘം നടിയെ ശാരീരികമായി ആക്രമിക്കുന്നതിന്റെ വീഡിയോയും പകർത്തി. തുടർന്ന്, സംവിധായകൻ ലാലിന്റെ വീട്ടിലെത്തിയ നടി വിവരം പറഞ്ഞു. ലാൽ പി.ടി.തോമസ് എംഎൽഎയെ വിവരമറിയിച്ചു. അദ്ദേഹമാണ് പൊലീസിനെ അറിയിച്ചത്.
ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കേസിൽ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ് വിധിന്യായത്തിൽ പറഞ്ഞു .
കുറ്റത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പ്രതികൾ. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്ട്ടിന് ആന്റണി, മൂന്നാം പ്രതി മണികണ്ഠന്, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവര്‍ കുറ്റക്കാരെന്നാണ് തെളിഞ്ഞത്.
കൂട്ടബലാൽസഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞെന്ന് കോടതിയിൽ പറയുന്നു.എന്നാൽ ദിലീപ് കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. 7,8,9,15 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഏഴാം ചാർളി തോമസ്, ഒമ്പതാം പ്രതി സനിൽ, 15-ാം പ്രതി ശരത് എന്നിവരാണ് കുറ്റവിമുക്തരായത്.
പ്രതികള്‍ക്ക് സഹായം ഒരുക്കി എന്നതായിരുന്നു ഒമ്പതാം പ്രതിക്കെതിരായ കുറ്റം. കേരളത്തെ നടുക്കിയ കേസിൽ ഏഴര വർഷത്തെ വിചാരണയ്ക്ക് ശേഷംവിധി പറയുന്നത് . രാമൻപിള്ള അസോസിയേറ്റ്സാണ് ദിലീപിനായി കോടതിയിൽ ഹാജരായത്.

