പുരി ; ഗുണ്ടിച്ച ക്ഷേത്രത്തിനടുത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് ഭക്തർ മരിച്ച സംഭവത്തിൽ നടപടിയുമായി ഒഡീഷ സർക്കാർ. ജില്ലാ കളക്ടർ സിദ്ധാർത്ഥ് ശങ്കർ സ്വെയ്ൻ, പോലീസ് സൂപ്രണ്ട് വിനീത് അഗർവാൾ എന്നിവരെ ഉടൻ സ്ഥലം മാറ്റാൻ മുഖ്യമന്ത്രി മോഹൻ മാഝി നിർദ്ദേശിച്ചു. ഡിസിപി ബിഷ്ണു പതി, കമാൻഡന്റ് അജയ് പാധി എന്നീ രണ്ട് ഉന്നത പോലീസുകാരെയും സസ്പെൻഡ് ചെയ്തു.
ഡെവലപ്മെന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ അപകടത്തെക്കുറിച്ച് ഭരണപരമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ഖുർദ കളക്ടർ ചഞ്ചൽ റാണയെ പുരിയിലെ പുതിയ കളക്ടറായും നിയമിച്ചു. എസ്ടിഎഫ് ഡിഐജി പിനാക് മിശ്രയെ പുതിയ എസ്പിയായും നിയമിച്ചു.ഞായറാഴ്ച പുലർച്ചെ 5 മണിയോടെ വാർഷിക രഥയാത്രാ ഉത്സവത്തിനിടെയാണ് അപകടം നടന്നത്. ശാരദാബലിയിലെ ഗുണ്ടുച്ച ക്ഷേത്രത്തിന് സമീപം ആയിരക്കണക്കിന് ഭക്തർ തടിച്ചുകൂടിയപ്പോൾ തിക്കിലും തിരക്കിലും പെട്ടായിരുന്നു മൂന്ന് മരണം.
രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു, 50 ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലർ കുട്ടികളായിരുന്നു, പലരും തിക്കിലും തിരക്കിലും ബോധം കെട്ടു വീഴുകയായിരുന്നു.ഒഡീഷ പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) അന്വേഷണം നടത്തുന്നുണ്ടെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്നും സംസ്ഥാന നിയമമന്ത്രി ഹരിചന്ദൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഒഡീഷ ഡിജിപി വൈ ബി ഖുറാനിയ പറഞ്ഞു.പുരിയിലെ രാജാവായ ഗജപതി മഹാരാജ ദിവ്യസിംഹ ദേബ് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. ഒഡീഷ സർക്കാർ അടിയന്തര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന് സമീപമുള്ള തിരക്കേറിയ സ്ഥലത്ത് ആചാരപരമായ വസ്തുക്കൾ കൊണ്ടുപോകുന്ന രണ്ട് ട്രക്കുകൾ പ്രവേശിച്ചതോടെയാണ് തിക്കും തിരക്കുമുണ്ടായത് . 3 കിലോമീറ്റർ റോഡിൽ 1,500-ലധികം ഭക്തർ തടിച്ചുകൂടിയിരുന്നു. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

