ഡൽഹി: രാജ്യത്ത് വിവിധയിടങ്ങളിൽ എസ് ബി ഐ, യൂകോ ബാങ്ക് എന്നിവയുടെ യു പി ഐ ഇടപാടുകൾ ഭാഗികമായി തടസ്സപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ഉപഭോക്താക്കൾ പരാതിയുമായി രംഗത്ത് വന്നു. ഇടപാടുകൾ നടത്താൻ കഴിയുന്നില്ലെന്ന് കാട്ടി പലരും സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി.
തടസം നേരിടാൻ കാരണം യുപിഐ ഡൗൺ ആയതാണോ അതോ ബാങ്ക് സെർവർ തകരാറിലായതാണോ എന്നറിയാതെ പലരും കുഴങ്ങി. മുൻകൂട്ടി നിശ്ചയിച്ച മെയിന്റനൻസ് പ്രവർത്തനങ്ങൾ 12.30 വരെ നീണ്ടു പോയതാണെന്ന് എസ് ബി ഐ അധികൃതർ അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. യൂകോ ബാങ്കുമായി ബന്ധപ്പെട്ട തടസ്സം താരതമ്യേന ചെറുതായിരുന്നുവെന്നും നിലവിൽ ഇടപാടുകൾ സുഗമമായി നടക്കുന്നതായും ഉപഭോക്താക്കൾ അറിയിക്കുന്നു.
എസ് ബി ഐയുടെ യോനോ, യിപിഐ, ഐ എം പി എസ്, ഇന്റർനെറ്റ് ബാങ്കിംഗ്, നെഫ്റ്റ്, ആർ ടി ജി എസ് സേവനങ്ങളെല്ലാം താത്കാലികമായി തടസ്സപ്പെട്ടിരുന്നു. എന്നാൽ യുപിഐ ലൈറ്റ്, ഇ റുപ്പീ, എടിഎം സേവനങ്ങൾക്ക് കാര്യമായ തടസ്സം ഉണ്ടായിരുന്നില്ല. നിലവിൽ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതായും ഇടപാടുകൾ സുഗമമായി നടത്താൻ സാധിക്കുന്നതായും ഉപഭോക്താക്കൾ പറയുന്നു.

