ന്യൂഡൽഹി : പരമോന്നത ബഹുമതി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ച് ഡൊമിനിക്കയും, ഗയാനയും . കൊറോണ മഹാമാരി ഇന്ത്യ നൽകിയ സംഭാവനകൾ പരിഗണിച്ചും, കരീബിയൻ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങളെ പ്രശംസിച്ചുമാണ് അദ്ദേഹത്തിന് പരമോന്നത പുരസ്കാരം നൽകി ആദരിച്ചത്.
ഗയാന പ്രസിഡന്റ് ഇർഫാൻ അലിയാണ് ‘ ദി ഓർഡർ ഓഫ് എക്സലൻസ് ‘ അവാർഡ് മോദിയ്ക്ക് സമ്മാനിച്ചത്. ‘ ഗയാനയുടെ പരമോന്നത ബഹുമതിയായ‘ ദി ഓർഡർ ഓഫ് എക്സലൻസ് ‘ എനിക്ക് സമ്മാനിച്ചതിന് ഇർഫാൻ അലിയ്ക്ക് നന്ദി പറയുന്നുവെന്നും , പുരസ്കാരം ഇന്ത്യൻ ജനതയ്ക്ക് സമർപ്പിക്കുന്നുവെന്നും മോദി എക്സിൽ കുറിച്ചു. ആരോഗ്യം , കണക്ടിവിറ്റി, പുനരുപയോഗ ഊർന്നം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയും, ഗയാനയും ദീര്‍ഘകാല വികസന പങ്കാളിത്തം പങ്കിടുന്നു.
ഇന്ത്യ-കാരികോം ഉച്ചകോടിയിൽ ഡൊമിനിക്ക പ്രസിഡന്റ് സിൽവാനി ബർട്ടനാണ് പുരസ്കാരം സമ്മാനിച്ചത്. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലാണ് മോദി ഇവിടെ എത്തിയത്. പുരസ്കാരം സ്വീകരിച്ചതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
കൊറോണ സമയത്ത് 2021 ഫെബ്രുവരിയിലാണ് ഡൊമിനിക്കയ്ക്ക് 70,000 ഡോസ് അസ്ട്രസെനക്ക വാക്സിൻ ആദ്യഘട്ടമായി കൈമാറിയത്. രാജ്യത്തിന് വലിയ സഹായമാണ് ഇതെന്ന് ഡൊമിനിക്കൻ പ്രധാനമന്ത്രി റൂസ്വെൽറ്റ് സ്കെറിറ്റിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.ഇതിന് പുറമേ ബാർബഡോസ് പരമേന്നത ബഹുമതിയായ ‘ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ്’ പുരസ്കാരവും പ്രധാനമന്ത്രിക്ക് ലഭിച്ചു.