മുംബൈ : ഗാസ അനുകൂല റാലി നടത്താനുള്ള സിപിഎമ്മിന്റെ ഹർജി തള്ളി ബോംബെ ഹൈക്കോടതി . ഇസ്രായേലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി ആസാദ് മൈതാനിയിൽ പ്രതിഷേധ യോഗം നടത്താനായിരുന്നു സിപിഎമ്മിന്റെ തീരുമാനം . എന്നാൽ ഇതിന് മുംബൈ പോലീസ് അനുമതി നൽകിയില്ല. ഇതിനെതിരെയാണ് സിപിഎം കോടതിയെ സമീപിച്ചത് . എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി. മാത്രമല്ല ആദ്യം സ്വന്തം രാജ്യത്തെ സ്നേഹിക്കൂവെന്നും കോടതി ആവശ്യപ്പെട്ടു.
ആസാദ് മൈതാനിയിൽ പ്രതിഷേധം നടത്താൻ അനുമതി തേടി ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഫൗണ്ടേഷൻ (എഐപിഎസ്എഫ്) സമർപ്പിച്ച അപേക്ഷ മുംബൈ പോലീസ് തള്ളിയതിനെ ചോദ്യം ചെയ്ത് സിപിഎം സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് രവീന്ദ്ര ഗുഗെ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബോംബെ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഈ നിരീക്ഷണങ്ങൾ നടത്തിയത്.ഹർജിക്കാരന് വേണ്ടി മനുഷ്യാവകാശ അഭിഭാഷകനും പൗരാവകാശ പ്രവർത്തകനുമായ സീനിയർ കൗൺസൽ മിഹിർ ദേശായി ഹാജരായി.
“നമ്മുടെ രാജ്യത്തിന് ധാരാളം പ്രശ്നങ്ങളുണ്ട്. ഇതുപോലുള്ള ഒന്നും ഞങ്ങൾക്ക് വേണ്ട. ഖേദകരമെന്നു പറയട്ടെ, നിങ്ങളെല്ലാവരും ഹ്രസ്വദൃഷ്ടിയുള്ളവരാണ്. ഗാസയിലെയും പലസ്തീനിലെയും പ്രശ്നങ്ങൾ നിങ്ങൾ നോക്കുന്നു. നിങ്ങളുടെ സ്വന്തം രാജ്യത്തെ നോക്കൂ. ദേശസ്നേഹികളാകൂ. ഇത് ദേശസ്നേഹമല്ല. ആളുകൾ ദേശസ്നേഹികളാണെന്ന് പറയുന്നു. നിങ്ങൾ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു സംഘടനയാണ്.മാലിന്യ നിക്ഷേപം, മലിനീകരണം, മലിനജലം, വെള്ളപ്പൊക്കം തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങൾക്ക് ഏറ്റെടുക്കാൻ കഴിയില്ലേ. ഞങ്ങൾ ഉദാഹരണങ്ങൾ മാത്രമാണ് നൽകുന്നത്. നിങ്ങൾ അവയ്ക്കെതിരെയല്ല, രാജ്യത്തിന് പുറത്ത് ആയിരക്കണക്കിന് മൈലുകൾ അകലെ നടക്കുന്ന കാര്യത്തിലാണ് പ്രതിഷേധിക്കുന്നത്,” കോടതി പറഞ്ഞു.
കോടതി ഉത്തരവിനെതിരെ സിപിഎം പ്രതിഷേധിക്കുകയും ബോംബെ ഹൈക്കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് അപലപിച്ച് രംഗത്ത് എത്തുകയും ചെയ്തു.

