മുംബൈ : ജമ്മു കശ്മീർ ഇന്ത്യയുടേത് തന്നെയെന്ന് പാകിസ്ഥാന് കാട്ടിക്കൊടുക്കണമെന്ന് നടൻ സുനിൽ ഷെട്ടി . മുംബൈയിൽ നടന്ന 2025 ലെ ലതാ ദിനനാഥ് മങ്കേഷ്കർ അവാർഡ് ചടങ്ങിനിടെ വരാനിരിക്കുന്ന അവധിക്കാലം കശ്മീരിൽ ചെലവഴിക്കാനും സുനിൽ ഷെട്ടി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു.
സുനിൽ ഷെട്ടിയുടെ ‘കേസരി വീർ’ എന്ന ചിത്രം പാകിസ്ഥാനിൽ റിലീസ് ചെയ്യില്ലെന്ന് അടുത്തിടെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ കശ്മീരിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വാര്‍ത്തകളില്‍ ഇടം നേടുകയാണ് .
കശ്മീരിന് ഭയമല്ല, സ്നേഹവും ടൂറിസവുമാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു. ഈ ഭീകരരെ ഒരിക്കലും ഭയപ്പെടേണ്ടതില്ലെന്നാണ് സുനിൽ ഷെട്ടി പറയുന്നത്.
‘ പൗരന്മാർ എന്ന നിലയിൽ നമ്മൾ ഒരു കാര്യം മാത്രമേ ചെയ്യേണ്ടതുള്ളൂ. നമ്മുടെ അടുത്ത അവധിക്കാലം കശ്മീരിൽ മാത്രമായിരിക്കണമെന്ന് നമ്മൾ തീരുമാനിക്കണം. ഈ സമയത്ത് നമ്മൾ ഐക്യത്തോടെ നിലകൊള്ളണം. നമ്മൾ ഭയപ്പെടുന്നില്ലെന്നും നമുക്ക് യഥാർത്ഥത്തിൽ ഭയമില്ലെന്നും തീവ്രവാദികൾക്ക് കാണിച്ചുകൊടുക്കണം.
വിനോദസഞ്ചാരിയായോ കലാകാരന്മാരായോ ഷൂട്ടിംഗിനോ വിനോദസഞ്ചാരത്തിനായോ അവിടെ വരാൻ ഞങ്ങൾ തയ്യാറാണ്. ഭയവും വിദ്വേഷവും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കെണിയിൽ കുടുങ്ങാതെ, കശ്മീർ നമ്മുടേതായിരുന്നു, നമ്മുടേതാണെന്നും എപ്പോഴും നമ്മുടേതായിരിക്കുമെന്നും നമുക്ക് കാണിക്കണം,” സുനിൽ ഷെട്ടി ആഹ്വാനം ചെയ്തു

