കൊപ്പൽ: കർണാടകയിൽ 27 കാരിയായ ഇസ്രായേൽ വിനോദ സഞ്ചാരിയെയും, ഹോം സ്റ്റേ ഉടമയെയും കൂട്ട ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ ഒരു മരണം . ഇവർക്കൊപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശി ബിബാഷാണ് മരിച്ചത് .ഹംപിക്കടുത്തുള്ള സനാപൂർ തടാകക്കരയിൽ സംഗീതം ആസ്വദിച്ചും നക്ഷത്രനിരീക്ഷണം നടത്തിയും ഇരിക്കുമ്പോഴാണ് സംഭവം.
രാത്രി 11 മണിയോടെ, മോട്ടോർ സൈക്കിളിൽ എത്തിയ മൂന്ന് പുരുഷന്മാർ പെട്രോൾ എവിടെ നിന്ന് കിട്ടുമെന്ന് ചോദിച്ചുകൊണ്ട് അവരെ സമീപിച്ചു. സമീപത്ത് പെട്രോൾ പമ്പുകൾ ഇല്ലെന്ന് ഹോംസ്റ്റേ നടത്തിപ്പുകാരൻ അറിയിച്ചപ്പോൾ, പ്രതികൾ 100 രൂപ ആവശ്യപ്പെട്ടു.
പണം നൽകാൻ വിസമ്മതിച്ചപ്പോൾ, പ്രതികൾ കന്നഡയിലും തെലുങ്കിലും അവരെ അധിക്ഷേപിക്കാൻ തുടങ്ങി. തുടർന്ന് മൂന്ന് പുരുഷ വിനോദസഞ്ചാരികളെ കനാലിലേക്ക് തള്ളിയിടുകയും യുവതികളെ പീഡനത്തിനിരയാക്കുകയുമായിരുന്നു .വിനോദസഞ്ചാരികളിൽ ഒരാൾ അമേരിക്കയിൽ നിന്നുള്ളയാളാണെന്ന് പോലീസ് പറഞ്ഞു.
രണ്ട് സ്ത്രീകളും ആശുപത്രിയിൽ ചികിത്സയിലാണ് . “കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്, അവരെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്,” പോലീസ് പറഞ്ഞു.

