പാലക്കാട് ; ഇത്തവണ കേരളം മാറ്റത്തിന്റെ സന്ദേശം എഴുതുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ട മൈതിനായി നടന്ന ബിജെപി തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോദി. കൽപാത്തി ക്ഷേത്രത്തിനു പ്രണാമം അർപ്പിച്ചാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്.
‘ ഈ മാറ്റത്തിന് പിന്നിൽ കേരളത്തിലെ ജനങ്ങളുടെ അനുഗ്രഹമാണ് . നമ്മുടെ എത്രയെത്ര പ്രവർത്തകർ രാഷ്ട്രീയ ആക്രമണങ്ങളിൽ ജീവൻ നൽകി . അവരുടേ ഓർമ്മകൾക്ക് മുന്നിൽ ഞാൻ പ്രണാമം അർപ്പിക്കുന്നു. പാലക്കാട് കേരളത്തിന്റെ പ്രതിഭകളുടെ കേന്ദ്രമാണ്. ഈ പാവന ഭൂമിയെ ഞാൻ നമസ്കരിക്കുന്നു. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, മന്നത്ത് പത്മനാഭൻ, അയ്യങ്കാളി, കുര്യാക്കോസ് ഏലിയാസ് ചാവറ എന്നീ മഹാ തേജസ്വികളെ ഞാൻ പ്രണാമം അർപ്പിക്കുന്നു.
കേരളത്തിൽ ടീം എൻ ഡി എ സർക്കാർ രൂപീകരിക്കുന്ന മത്സരത്തിൽ ഇറങ്ങിയിരിക്കുകയാണ് . ഞങ്ങൾ സർക്കാർ ഉണ്ടാക്കുക തന്നെ ചെയ്യും . കേരളത്തിന് ആവശ്യമായതെല്ലാം ഞങ്ങൾ ചെയ്യും , ഇന്ന് കേരളം അഞ്ച് കോടിയിലധികം കടം കയറിയ അവസ്ഥയിലാണ് . ഈ പണമെല്ലാം എൽ ഡി എഫുകാരുടെ കീശയിലാണ് പോയത്. കോൺഗ്രസും, ഇടതും എവിടെയോക്കെ ഭരിച്ചിട്ടുണ്ടോ അവിടെയെല്ലാം നശിപ്പിച്ചിട്ടേയുള്ളൂ. ഇവരുടെ ഈ ചക്രവ്യൂഹത്തിൽ കേരളവും പെട്ടുപോയി. പാലക്കാട് 22 വർഷം ഭരിച്ചത് ഇടത് എംഎൽഎമാരായിരുന്നു. 5 പതിറ്റാണ്ട് കോൺഗ്രസ് എംഎൽഎമാരും പ്രതിനിധീകരിച്ചു. എന്നിട്ടും ഈ മണ്ഡലത്തിൽ വികസനം വന്നില്ല. കേന്ദ്രത്തിൽ ബിജെപി വന്ന ശേഷമാണ് പാലക്കാട്ടിനു വികസനമുണ്ടായി തുടങ്ങിയത്.ബിജെപി സർക്കാർ വികസിത കേരളം സൃഷ്ടിക്കുമെന്നത് മോദിയുടെ ഉറപ്പാണ് . മാറാത്തത് ഇനി മാറും , കേരളം വളരും.
എൽ ഡി എഫും , യുഡിഎഫും ബിജെപിയെ ലക്ഷ്യം വയ്ക്കുകയാണ് . ഇവർ ആരെയെങ്കിലും ഭയക്കുന്നുവെങ്കിൽ അത് ബിജെപിയെയാണ്. കേരളത്തിൽ ബിജെപി സർക്കാർ ഉണ്ടാക്കുന്ന പക്ഷം ഇവരുടെ കള്ളത്തരമെല്ലാം പുറത്ത് വരും. ബിജെപി അധികാരത്തിൽ വന്നാൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സർവ കുംഭകോണങ്ങളെപ്പറ്റിയും അന്വേഷണം നടത്തും – “ മോദി പറഞ്ഞു.

