ടെഹ്റാൻ : ടെഹ്റാനിൽ ഇസ്രായേൽ ആക്രമണം . ടെഹ്റാനിലെ ഇറാനിയൻ മിസൈൽ സംഭരണ കേന്ദ്രങ്ങളെയും താൽക്കാലിക കമാൻഡ് സെന്ററുകളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ പ്രതിരോധ സേന പറഞ്ഞു. ഇസ്രായേൽ ആക്രമണത്തിൽ ടെഹ്റാനിൽ വലിയ നാശം സംഭവിച്ചതായാണ് റിപ്പോർട്ട്. ഇറാനിയൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ടെഹ്റാനിലെ ജനവാസ കേന്ദ്രങ്ങളിൽ ഇസ്രായേൽ മാരകമായ ബോംബാക്രമണവും നടത്തിയിട്ടുണ്ട്. തിരിച്ചടിയായി ടെൽ അവീവിലും ഇസ്രായേലിന്റെ ആണവ കേന്ദ്രമായ ഡിമോണയിലും ഇറാൻ മിസൈലുകൾ വർഷിച്ചു.
ഇറാനിൽ നടന്ന ആക്രമണത്തെ കുറിച്ച് ഇസ്രായേൽ സൈന്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്ക് വച്ചിട്ടുണ്ട്. ‘ തലസ്ഥാനമായ ടെഹ്റാന്റെ ഹൃദയഭാഗത്താണ് ആക്രമണം നടന്നത്. വ്യാപകമായ ആക്രമണങ്ങൾക്കിടെ ഇറാനിയൻ തീവ്രവാദ ഭരണകൂടത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടിരുന്നു. ഡസൻ കണക്കിന് ഇറാനിയൻ ആയുധ സംഭരണ കേന്ദ്രങ്ങളും ഉൽപാദന കേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ടു. ആസ്ഥാനത്തിനുള്ളിൽ പ്രവർത്തിക്കുന്ന കമാൻഡർമാർ ഉൾപ്പെടെ നിരവധി താൽക്കാലിക കമാൻഡ് സെന്ററുകളും നശിപ്പിക്കപ്പെട്ടു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ഉൽപാദന, സംഭരണ സൗകര്യങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഇറാനിയൻ ഭരണകൂട നിരീക്ഷണ പോസ്റ്റുകൾ എന്നിവയും ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടു,” ഐഡിഎഫ് പോസ്റ്റിൽ പറയുന്നു.

