പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ അനാസ്ഥയെ തുടർന്ന് യുവാവിന്റെ കാൽ മുറിച്ചുമാറ്റേണ്ടി വന്നതായി പരാതി. കലഞ്ഞൂർ സ്വദേശി അഭിമന്യു (30) ആണ് അധികൃതരുടെ അനാസ്ഥയ്ക്കെതിരെ രംഗത്തെത്തിയത് . കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന യുവാവ് കിടപ്പിലായതോടെ കുടുംബം കടുത്ത ദുരിതത്തിലാണിപ്പോൾ.
എസി മെക്കാനിക്കായ അഭിമന്യുവിന്റെ കാലിന് കഴിഞ്ഞ ഡിസംബറിലാണ് ഒടിവ് സംഭവിച്ചത് . ആദ്യം കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ ഡോക്ടർമാർ നിർദ്ദേശിച്ചതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ പ്ലാസ്റ്റര്‍ ഇട്ട് രണ്ട് ദിവസത്തിലധികം സ്ട്രക്ചറില്‍ കിടത്തിയെന്നാണ് അഭിമന്യു പറയുന്നത്
‘ കഠിനമായ വേദന ഉണ്ടായിരുന്നിട്ടും, ഒരു മരുന്നും നൽകിയില്ല. പിന്നീട് വാർഡിലേക്ക് മാറ്റി, പക്ഷേ ശരിയായ ചികിത്സ ലഭിച്ചില്ല. ഡിസംബർ 31 ന്പഴുപ്പ് നിറഞ്ഞ കാലിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, കമ്പി ഇട്ടു ,’ അഭിമന്യു പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് ശേഷം നടത്തിയ സ്കാനിൽ ഞരമ്പിന് ക്ഷതം സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് മറ്റേ കാലിൽ നിന്ന് ഞരമ്പ് എടുത്ത് ഇംപ്ലാന്റ് ചെയ്തു, പക്ഷേ ഫലമുണ്ടായില്ല. കാലിലെ സംവേദനക്ഷമത പൂർണ്ണമായും നഷ്ടപ്പെട്ടതിനെത്തുടർന്ന്, അത് മുറിച്ചുമാറ്റണമെന്ന് ഡോക്ടർമാർ തീരുമാനിച്ചു. ജനുവരി 1 ന് അഭിമന്യുവിന്റെ വലതു കാൽ മുറിച്ചുമാറ്റി.ഒരു വർഷം മുമ്പ് അച്ഛൻ മരിച്ചതോടെ, എല്ലാ പ്രതീക്ഷയും അഭിമന്യുവിലായിരുന്നു. ഭാര്യയും മകനും അടങ്ങുന്ന കുടുംബം ഇപ്പോൾ കടുത്ത ദുരിതത്തിലാണെന്നും അഭിമന്യു പറയുന്നു.

