ന്യൂഡൽഹി ; നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് കുറ്റപത്രത്തിൽ പറയുന്നത് . കേസിലെ പരാതിക്കാരിയായ യുവതിയോട് ഇസ്ലാമിനെ കുറിച്ച് അറിയാൻ വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്ക് , പാകിസ്ഥാൻ ഇസ്ലാമിക പുരോഹിതൻ താരിഖ് ജാമിൽ എന്നിവരുടെ വീഡിയോകൾ കാണാനാണ് നിർദേശിച്ചത്.
ഡാനിഷ് ഷെയ്ഖ് , തൗസിഫ് അത്തർ, നിദാ ഖാൻ എന്നിവർക്കെതിരെ ദിയോലാലി ക്യാമ്പ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട കുറ്റപത്രമാണിത് . യുവതിയെ കൊണ്ട് ഇസ്ലാം മതം സ്വീകരിക്കാനും പ്രതികൾ പ്രത്യേക പദ്ധതി തയ്യാറാക്കിയിരുന്നു.
വിവാഹിതനായ പ്രതി ഡാനിഷ് ഷെയ്ഖ് വിവാഹ വാഗ്ദാനം നൽകി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായും ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതും ഭജന കേൾക്കുന്നതും നിർത്താൻ പറഞ്ഞതായും യുവതി മൊഴി നൽകിയിട്ടുണ്ട് . യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു, എന്നാൽ തന്റെ കുടുംബം യുവതിയെ സ്വീകരിക്കണമെങ്കിൽ തസ്ബീഹ് ചൊല്ലാനും ഇസ്ലാമിക പ്രാർത്ഥനകളിലൂടെ പാപമോചനം തേടാനും യുവതിയോട് ആവശ്യപ്പെട്ടു.
ജന്ന , ജഹന്നും , ഖുർബാനി , ബക്രീദ്, സംസം വെള്ളം തുടങ്ങിയ ഇസ്ലാമിക ആശയങ്ങൾ പ്രതി യുവതിയെ പരിചയപ്പെടുത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. ഒരു ഘട്ടത്തിൽ യുവതി ഇസ്ലാം സ്വീകരിക്കാനും തയ്യാറായി. “ഞാൻ ഇസ്ലാമിക മതം സ്വീകരിച്ചാൽ എന്റെ മാനസിക സമ്മർദ്ദം കുറയുമെന്ന് എനിക്ക് തോന്നി. ഞാൻ പതുക്കെ ആ കാര്യങ്ങളിൽ വിശ്വസിക്കാൻ തുടങ്ങി,” എന്ന് യുവതി മൊഴി നൽകിയതായും കുറ്റപത്രത്തിൽ പറയുന്നു.

