ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മെഡിക്കൽ സയൻസിനായി മൃതദേഹം ദാനം ചെയ്തത് 500 ലധികം പേർ. മെഡിക്കൽ കൗൺസിലാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം മാത്രം 119 മൃതദേഹങ്ങളാണ് പഠനാവശ്യത്തിനായി ദാനം നൽകിയത്. 2021 ൽ ഇത് 79 ആയിരുന്നു.
ദാനം ചെയ്യുന്ന മൃതദേഹങ്ങൾ മെഡിക്കൽ പഠനം, ശസ്ത്രക്രിയാ പരിശീലനം, ഗവേഷണം എന്നിവയ്ക്കായാണ് പ്രയോജനപ്പെടുത്താറുള്ളതെന്ന് കൗൺസിൽ അറിയിച്ചു. ശരീരഘടന പഠിപ്പിക്കുന്നതിനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനും മൃതദേഹങ്ങൾ ആവശ്യമാണ്. കണക്കുകൾ പ്രകാരം റോയൽ കോളേജ് ഓഫ് സർജൻസിനാണ് (ആർസിഎസ്ഐ) ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ ദാനമായി ലഭിച്ചത്. 183 മൃതദേഹങ്ങളാണ് കോളേജിന് ദാനമായി ലഭിച്ചത്. യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനിലെ (യുസിഡി) മെഡിക്കൽ സ്കൂളിന് വേണ്ടി 113 പേർ തങ്ങളുടെ മൃതദേഹങ്ങൾ നൽകി. ഇതിൽ 96 എണ്ണം യൂണിവേഴ്സിറ്റി കോളേജ് കോർക്കിന് (യുസിസി) നൽകി. ഗാൽവേ സർവകലാശാലയ്ക്ക് 81 പേരും ഡബ്ലിൻ ട്രിനിറ്റി കോളേജിന് (ടിസിഡി) 66 പേരും മൃതദേഹങ്ങൾ ദാനം ചെയ്തു.

