ഡബ്ലിൻ: ഇസ്രായേൽ മന്ത്രിമാർക്ക് അയർലൻഡിൽ പ്രവേശിക്കുന്നതിന് വിലക്ക്. നീതിമന്ത്രി ജിം ഒ കെല്ലഗനാണ് രണ്ട് ഇസ്രായേൽ മന്ത്രിമാരെ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയിരിക്കുന്നത്. ഇക്കാര്യം പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ സ്ഥിരീകരിച്ചു.
ദേശീയ സുരക്ഷാമന്ത്രി ബെൻ ഗ്വിർ ഇസ്രായേലി, ധനകാര്യമന്ത്രി സ്മോട്രിച്ച് എന്നിവർക്കാണ് വിലക്കേർപ്പെടുത്തിയത്. മോണ്ടിനെഗ്രോയിലെ ടിവാറ്റ് നഗരത്തിൽ നടന്ന യൂറോപ്യൻ യൂണിയൻ-വെസ്റ്റേൺ ബാൽക്കൺസ് ഉച്ചകോടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു മീഹോൾ മാർട്ടിൻ ഇക്കാര്യം സ്ഥിരീകരിച്ചത്. പലസ്തീനെ ഇല്ലാതാക്കുകയാണ് ഇരുമന്ത്രിമാരുടെയും ലക്ഷ്യമെന്ന് മാർട്ടിൻ പറഞ്ഞു. ഇവർക്കെതിരെ യൂറോപ്യൻ യൂണിയൻ കൂടുതൽ നടപടികൾ സ്വീകരിക്കും. പലസ്തീൻ വിഷയം വീണ്ടും അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കേണ്ട വിഷയം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

