തിരുവനന്തപുരം : ‘ ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ വഴി 72 മണിക്കൂറുകൾ കൊണ്ട് പിടിച്ചെടുത്തത് 60 ലക്ഷം രൂപയുടെ മയക്കുമരുന്നുകൾ .അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ കണ്ണികളായ വിദേശികൾ സാമുവൽ ക്ളിഫ്സൺ ഒക്ഫോർറിനെ ഡൽഹിയിൽ നിന്നും, എൽസീന സന്താൻ സൂസനെ ബംഗ്ലൂരിൽ നിന്നുമാണ് കേരള പോലീസ് അറസ്റ്റ് ചെയ്തത്. ഐ.ജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡുകളും ‘തൂഫാൻ ഇന്റലിജൻസും’ ലഹരിയുടെ ഉറവിടങ്ങൾ തേടി ശക്തമായി രംഗത്തുണ്ടെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ബ്രാഞ്ചിൽ ഇന്റലിജൻസ് ടീമിനെയും നിയോഗിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ലഹരിയ്ക്കെതിരായ പോരാട്ടത്തിൽ സിനിമ-സാംസ്കാരിക രംഗത്തുനിന്നും പിന്തുണ ലഭിക്കുന്നുണ്ട് .കഴിഞ്ഞ ദിവസങ്ങളിൽ കലാരംഗത്തുനിന്നും നിരവധിപേർ ഈ ദൗത്യത്തിന് പരസ്യ പിന്തുണ നൽകിയിരുന്നു. വിദ്യാലയ പരിസരങ്ങളിൽ സ്പെഷ്യൽ ടീമിന്റെ പ്രത്യേക നിരീക്ഷണമുണ്ടാകും. പൊതുജനങ്ങൾ നൽകുന്ന രഹസ്യ വിവരങ്ങൾ ഈ ദൗത്യത്തെ സഹായിക്കും.
വിവരങ്ങൾ നൽകുന്ന ആളുകളുടെ വിവരം പുറത്ത് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി . ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ജൂൺ രണ്ടിന് ശേഷം 728 കേസുകളിലായി 795 പേരെ അറസ്റ്റ് ചെയ്തു. 625 ഗ്രാം എംഡിഎം എ യും, 48.49 കിലോ കഞ്ചാവുമടക്കം 60 ലക്ഷം വില മതിക്കുന്ന ലഹരിമരുന്നാണ് പിടികൂടിയത്.

