കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതയുമായി ഇടഞ്ഞ് ഋതബ്രത ബാനർജി രൂപീകരിച്ച വിമത സംഘത്തിലും വിള്ളലുകൾ. മമത ബാനർജിയെ ഉപദേഷ്ടാവായി തരം താഴ്ത്തിയതിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ഒരു സംഘം എം എൽ എ മാർ .മമത തന്നെ നേതാവാകണമെന്നാണ് ചിലരുടെ നിലപാട്.
തൃണമൂൽ പിളർത്താൻ തനിക്ക് ഉദ്ദേശ്യമില്ലെന്നാണ് ഋതബ്രത ബാനർജി പറയുന്നത് . സ്പീക്കർക്ക് അയച്ച കത്തിലും മമത പാർട്ടി മേധാവിയാണെന്നാണ് പറയുന്നത് . എന്നാൽ മമത ഉപദേശക സ്ഥാനത്ത് മാത്രം തുടർന്നാൽ മതിയെന്നാണിപ്പോൾ ഋതബ്രതയുടെ നിലപാട്. ഇതാണിപ്പോൾ വിള്ളലിന് കാരണമായതും.
1998 ൽ കോൺഗ്രസിൽ നിന്ന് പിരിഞ്ഞ് സ്വന്തമായി തൃണമൂൽ കെട്ടിപ്പടുത്ത മമതയോട് ഇപ്പോഴും കൂറ് പുലർത്തുന്ന എം എൽ എ മാർ വിമതക്യാമ്പിലുണ്ട് .യഥാർത്ഥത്തിൽ പല എം എൽ എ മാർക്കും വിയോജിപ്പ് ഉണ്ടായിരുന്നത് മമതയോടല്ല മറിച്ച് മമതയുടെ അനന്തരവനും, നേതാവുമായ അഭിഷേക് ബാനർജിയോടാണ്. ശോഭൻ ദേവ് ചതോപാധ്യായയെ പ്രതിപക്ഷനേതാവായി പിന്തുണയ്ക്കുന്ന കത്തിൽ തങ്ങളുടെ ഒപ്പ് വ്യാജമായി ഇട്ടത് അഭിഷേകിനോടുള്ള അമർഷം വർധിപ്പിച്ചു.
‘ മമതയുടെ നേതൃത്വത്തിൽ പാർട്ടി തുടരുമെന്നാണ് ഞങ്ങളോട് പറഞ്ഞിരുന്നത് . അവർ കേവലം ഉപദേശകയല്ല . അവരുടെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ‘ എന്നാണ് വിമത എം എൽ എ ആയ ഗുൽഷൻ മല്ലിക് പറഞ്ഞത് .മമതയെ അംഗീകരിച്ചില്ലെങ്കിൽ ചില എം എൽ എ മാർ ഗ്രൂപ്പ് വിട്ടേക്കുമെന്നും സൂചനയുണ്ട്.
“മമതയെ പരമോന്നത നേതാവായി അംഗീകരിച്ചില്ലെങ്കിൽ, ഈ സഖ്യത്തിൽ തന്നെ തുടരണോ വേണ്ടയോ എന്ന് നമ്മൾ ചിന്തിക്കേണ്ടിവരും,” സീതായ് എംഎൽഎ സംഗീത റോയ് ബസുനിയ പറഞ്ഞു. അതേസമയം ടിഎംസിയിലെ ആഭ്യന്തരകലാപം ഇപ്പോൾ മമതയുടെ ഭാവിയെ പോലും നിശ്ചയിക്കുന്ന നിർണ്ണായക സംഭവമായി മാറിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

