ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയിൽ പാലം അവസാന മിനുക്ക് പണിയിലേയ്ക്ക് . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാന റെയിൽവേ പാലമെന്ന ബഹുമതിയോടെ, കാശ്മീർ താഴ്വരയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം ഒരുങ്ങുകയാണ്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് കശ്മീർ താഴ്വരയെ റെയിൽ മാർഗം ബന്ധിപ്പിക്കുന്നത്.
ചിനാബ് നദിക്ക് കുറുകെയുള്ള ഈ റെയിൽപ്പാലം പൂർത്തിയാക്കാൻ ഏകദേശം 22 വർഷമെടുത്തു. 2003ലാണ് പാലത്തിൻ്റെ പണി തുടങ്ങിയത്. ഈ വർഷം ഇത് പൂർത്തിയാകും. പാലത്തിൻ്റെ നീളം 1,315 മീറ്ററാണ്. ജമ്മു-കാശ്മീർ വരെ 271 കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്കിനു മുകളിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ചെനാബ് പാലം ഇന്ത്യൻ എഞ്ചിനീയറിംഗിൻ്റെ മികച്ച ഉദാഹരണമാണ്. മണിക്കൂറിൽ 266 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നതിനാൽ നിരവധി തവണ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വന്നതായി റെയിൽ വേ ഉദ്യോഗസ്ഥർ പറഞ്ഞു.
ചെനാബ് പാലത്തിന് പാരീസിലെ ഈഫൽ ടവറിനേക്കാൾ ഉയരമുണ്ട്. ഈഫൽ ടവറിൻ്റെ ഉയരം 330 മീറ്ററും ചെനാബ് പാലത്തിൻ്റെ ഉയരം 359 മീറ്ററുമാണ്. പാലത്തിൻ്റെ മധ്യഭാഗത്തിന് 467 മീറ്റർ ഉയരമുണ്ട്. ഈ പാലത്തിൽ ആകെ 17 തൂണുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ പാലത്തിലൂടെ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ഒരു തടസ്സവുമില്ലാതെ ട്രെയിനിന് പോകാനാകും . തീവണ്ടികൾ ഈ പാലത്തിലൂടെ കടന്നുപോകുമ്പോൾ മേഘങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന അനുഭൂതിയാകും ഉണ്ടാകുക .1486 കോടി രൂപ ചെലവിലാണ് നിർമാണം.
ശക്തമായ കാറ്റിനെയും ഭൂകമ്പത്തെയും അതിജീവിക്കുന്ന തരത്തിലാണ് പാലം നിർമിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.നിലവിൽ ഈ പാലത്തിലൂടെ 20 മണിക്കൂറിനുള്ളിൽ കശ്മീരിൽ നിന്ന് ഡൽഹിയിലേക്ക് ചരക്ക് എത്തിക്കാനാകും. ഈ പാലത്തിൻ്റെ കമാനത്തിൻ്റെ ആകെ ഭാരം 10,619 മെട്രിക് ടൺ ആണ്.