ന്യൂഡൽഹി : ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഹരിത പടക്കങ്ങൾ വിൽക്കാൻ സുപ്രീം കോടതിയുടെ താൽക്കാലിക അനുമതി . ഹരിത പടക്കങ്ങൾ നിർമ്മിക്കാനും വിൽക്കാനും അനുമതി തേടിയുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി ഉത്തരവ് .
സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം, രാവിലെ 6 മുതൽ രാവിലെ 8 വരെയും രാത്രി 8 മുതൽ രാത്രി 10 വരെയും പടക്കങ്ങൾ പൊട്ടിക്കാൻ അനുവാദമുണ്ട്. ഒക്ടോബർ 15 നും 25 നും ഇടയിൽ നിയുക്ത സ്ഥലങ്ങളിൽ മാത്രമേ ഹരിത പടക്കങ്ങളുടെ വിൽപ്പന അനുവദിക്കൂവെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ഉൾപ്പെടുന്ന ബെഞ്ച് പറഞ്ഞു.
ഡൽഹി-എൻസിആറിലേക്ക് കടത്തുന്ന പടക്കങ്ങൾ ഹരിത പടക്കങ്ങളേക്കാൾ കൂടുതൽ നാശനഷ്ടമുണ്ടാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. പരിസ്ഥിതിക്ക് ദോഷം വരുത്താതെ മിതമായ ആഘോഷങ്ങൾ അനുവദിക്കുന്ന സമീപനത്തിന്റെ ആവശ്യകതയെ പറ്റിയും കോടതി വ്യക്തമാക്കി.
സോളിസിറ്റർ ജനറലും അമിക്കസ് ക്യൂറിയും സമർപ്പിച്ച ഹർജികളും സുപ്രീം കോടതി പരിഗണിച്ചു. കോവിഡ്-19 കാലഘട്ടത്തിൽ പോലും സമ്പൂർണ പടക്ക നിരോധനം നിലവിലുണ്ടായിരുന്നപ്പോഴും വായുവിന്റെ ഗുണനിലവാരത്തിൽ വലിയ പുരോഗതി ഉണ്ടായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി . ക്യുആർ കോഡുകളുള്ള അംഗീകൃത ഉൽപ്പന്നങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാൻ പ്രത്യേക പോലീസ് സംഘം രൂപീകരിക്കും.
നിയമങ്ങൾ ലംഘിക്കുന്ന ആർക്കും നോട്ടീസ് നൽകുമെന്നും കോടതി അറിയിച്ചു. ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ വഴി ഓൺലൈൻ പടക്ക വിൽപ്പന അനുവദിക്കില്ലെന്നും കോടതി വിധിച്ചു.

