ന്യൂഡൽഹി : ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീലിലെത്തി. നൈജീരിയൻ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം ബ്രസീലിലെത്തിയത് . ദക്ഷിണാഫ്രിക്ക , ബ്രസീൽ എന്നീ രാജ്യങ്ങൾക്കൊപ്പം ജി 20 ട്രോയിക്കയിൽ അംഗമാണ് ഇന്ത്യയും . ഇന്നും നാളെയുമായി റിയോ ഡി ജനീറോയിലാണ് ജി20 ഉച്ചകോടി നടക്കുന്നത്
‘ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലെ റിയോ ഡി ജനീറോയിൽ എത്തി, വിവിധ ലോകനേതാക്കളുമായി ഫലപ്രദമായ കൂടിക്കാഴ്ചകൾ നടത്തുന്നതിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു ‘ പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. വന്ദേമാതരം മുഴക്കി, ഇന്ത്യൻ ദേശീയ പതാകകൾ വീശിയാണ് ഇന്ത്യൻ സമൂഹം അദ്ദേഹത്തെ സ്വീകരിച്ചത് .
വിദേശകാര്യമന്ത്രാലയവും ഇത് സംബന്ധിച്ച പോസ്റ്റ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രി റിയോ ഡി ജനീറോയിലെ വിമാനത്താവളത്തിൽ ഇറങ്ങുന്നതിന്റേയും, അദ്ദേഹത്തെ സ്വീകരിക്കുന്നതിന്റേയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ജി20 ഉച്ചകോടി പൂർത്തിയായതിന് ശേഷം പ്രധാനമന്ത്രി നാളെ ഗയാനയിലേക്ക് തിരിക്കും. നവംബർ 19 മുതൽ 21 വരെ മോദി ഗയാന സന്ദർശിക്കും. പ്രസിഡന്റ് ഇർഫാൻ അലിയുടെ ക്ഷണപ്രകാരമാണ് അദ്ദേഹം ഗയാനയിലെത്തുന്നത്. 50 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിൽ എത്തുന്നത്.
അതേസമയം നൈജീരിയയിലെത്തിയ നരേന്ദ്രമോദിയെ ഗ്രാൻഡ് കമാൻഡർ ഓഫ് ഓർഡർ ഓഫ് നൈജർ നൽകി ആദരിച്ചിരുന്നു നൈജീരിയൻ സർക്കാർ . 1969-ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പൗരനാണ് മോദി . പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 17ാം മത്തെ അന്താരാഷ്ട്ര ബഹുമതിയാണിത്.