ബെംഗളുരു :കൊമ്പൻ മീശയും , തോക്കും കണ്ടാൽ ആദ്യം ആർക്കും മനസിൽ എത്തുന്ന പേര് കാട്ടുകള്ളൻ വീരപ്പന്റേതാകും .പോലീസിൻ്റെ വെടിയേറ്റ് മരിച്ചിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ആ ഭയത്തിന് ഇന്നും മാറ്റമില്ല . നടൻ ഡോ. രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയതിന് ശേഷം കർണാടകയിലും ഭീതി പരത്തിയിരുന്നു വീരപ്പൻ . ഇന്ന് വീരപ്പൻ വിഹരിച്ച വനത്തിൽ സഫാരി ആരംഭിച്ച് വിനോദസഞ്ചാരം വർധിപ്പിക്കാൻ പദ്ധതിയിടുകയാണ് കർണാടക സർക്കാർ .
തമിഴ്നാട്-കർണാടക അതിർത്തിയിലെ ഹൊഗനക്കൽ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് സഫാരി ആരംഭിക്കാനാണ് കർണാടക വനംവകുപ്പ് ആലോചിക്കുന്നു. 22 കിലോമീറ്റർ വനമേഖലയിലേയ്ക്കാണ് യാത്ര . പ്രത്യേകിച്ചും, കാവേരി വന്യജീവി സങ്കേതത്തിൽ . ആനകൾ, മാനുകൾ, കരടികൾ, മറ്റ് വന്യജീവികൾ എന്നിവയുടെ സാന്നിധ്യം ഈ മേഖലയിൽ കൂടുതലാണെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഹൊഗനക്കലിൽ നിന്ന് തന്നെ സഫാരി തുടങ്ങണമെന്നാണ് കാവേരി വന്യജീവി സങ്കേതത്തിലെ അധികൃതരുടെ ആവശ്യം. കാരണം അതിർത്തിയുടെ ഇരുവശങ്ങളിലുമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണിത്. കാവേരി നദിയിലെ ബോട്ടിംഗിനും പരമ്പരാഗത മത്സ്യവിഭവങ്ങൾക്കും പ്രശസ്തമാണ് ഇവിടം . അതുകൊണ്ട് തന്നെ ഈ ഭാഗത്ത് സഫാരി തുടങ്ങിയാൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
രാവിലെയും വൈകുന്നേരവും രണ്ട് സഫാരി യാത്രകളാണ് വനംവകുപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. 25 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന 2 വാഹനങ്ങൾക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇതിനകം ഓർഡർ നൽകിയിട്ടുണ്ട്.
2024 ജനുവരിയിൽ 3500 വിനോദസഞ്ചാരികൾ ഹൊഗനക്കൽ വെള്ളച്ചാട്ടം സന്ദർശിച്ചപ്പോൾ മാർച്ചിൽ 9,381 വിനോദസഞ്ചാരികൾ എത്തി. 1400 വിദേശ വിനോദ സഞ്ചാരികൾ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഈ മേഖലയിൽ സഫാരി ആരംഭിക്കുന്നത് പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കും. പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നുമാണ് അധികൃതരുടെ അഭിപ്രായം.