ഡബ്ലിൻ: സ്കൂൾ ബസ് ഫീസ് വർധനവ് സർക്കാർ പുന:പരിശോധിക്കുമെന്ന സൂചന നൽകി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഫിയന്ന ഫെയ്ൽ പാർലമെന്ററി പാർട്ടി യോഗത്തിൽ നേതാവ് പീറ്റർ ചാപ് ക്ലീറിനെ പിന്തുണച്ചുകൊണ്ടാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട സൂചന പങ്കുവച്ചത്. യോഗത്തിൽ പാർട്ടിയുടെ ഗ്രാമീണ കാര്യ വക്താവ് കൂടിയായ ക്ലീർ ഫീസ് വർധനവ് അപമാനകരമാണെന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താവനയെയാണ് മാർട്ടിൻ പിന്തുണച്ചത്.
കഴിഞ്ഞ ആഴ്ച ആയിരുന്നു സ്കൂൾ ബസ് ഫീസ് വർധനവ് സർക്കാർ പ്രഖ്യാപിച്ചത്. നിലവിൽ പോസ്റ്റ് പ്രൈമറി വിദ്യാർത്ഥികൾക്കുള്ള വാർഷിക സ്കൂൾ ബസ് ഫീസ് നിരക്ക് എന്നത് 100 യൂറോയാണ്. ഇത് 350 യൂറോ ആയിട്ടാണ് സർക്കാർ ഉയർത്തിയിരിക്കുന്നത്. ഒരു കുടുംബത്തിന് നൽകാവുന്ന പരമാവധി തുക എന്നത് 220 യൂറോയിൽ നിന്നും 650 യൂറോ ആയി ഉയരും. 2022 ൽ ജീവത ചിലവ് പരിഗണിച്ച് കുറച്ച തുകയാണ് ഇപ്പോൾ വീണ്ടും ഉയർത്തുന്നത്.

