ചെന്നൈ ; തിരുപ്പുറകുണ്ഡ്രത്തെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാത്തതിൽ സംസ്ഥാന സർക്കാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ട് തമിഴ്നാട് ഗവർണർ രാജേന്ദ്ര അർലേക്കർ . ഭരണഘടനയുടെ 167(ബി) അനുച്ഛേദപ്രകാരമുള്ള അധികാരമുപയോഗിച്ചാണ് വിജയ് സർക്കാരിൽ നിന്ന് അർലേക്കർ വിശദീകരണം തേടിയത്. ദീപം തെളിയിക്കാത്തതിൽ ഇന്ന് സുപ്രീം കോടതിയിൽ വിജയ് സർക്കാർ ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെ ഹിന്ദു സംഘടനകൾ ഗവർണറെ കണ്ട് നിവേദനം നൽകിയിരുന്നു.
മാപ്പ് പറഞ്ഞ് കോടതിയിൽ മുഖം രക്ഷിക്കാനുള്ള വിജയ് സർക്കാരിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് ഹിന്ദു സംഘടനകളുടെ നിലപാട് . അതിനു പിന്നാലെയാണ് വിഷയത്തിൽ അർലേക്കറുടെ ഇടപെടൽ. സംസ്ഥാനത്തെ ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വ്യക്തത നൽകാൻ ഗവർണർ ആവശ്യപ്പെടുമ്പോൾ അത് നൽകാൻ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്ന് അനുശാസിക്കുന്ന ഭരണഘടന അനുച്ഛേദമാണ് 167(ബി) .
സുപ്രീം കോടതിയുടെ വ്യക്തമായ നിർദേശമുണ്ടായിട്ടും നവംബർ 24 ന് അത് നടപ്പിലാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്ന സമഗ്രമായ റിപ്പോർട്ടാണ് അർലേക്കർ ആവശ്യപ്പെട്ടിരിക്കുന്നത് . വിഷയത്തിൽ ഗവർണർ കൂടി ഇടപെടുന്നതോടെ വിജയ് സർക്കാരിന്റെ സമ്മർദ്ദവും വർധിക്കുകയാണ്. കോടതി നിർദേശിച്ച ദീപത്തൂണിന് പകരം കഴിഞ്ഞ ദിവസം സർക്കാർ കാർത്തിക ദീപം തെളിയിച്ചത് വർഷങ്ങളായി ദീപം തെളിയിക്കുന്ന ഉച്ചി പിള്ളയാർ കോവിലിന് സമീപമുള്ള മണ്ഡപത്തിലാണ്.
സുപ്രീം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ദീപം തെളിയിക്കാൻ ജില്ലാ ഭരണകൂടം എല്ലാ ക്രമീകരണങ്ങളും ചെയ്തിരുന്നുവെന്നും ,എന്നാൽ ചടങ്ങിനായി നിയോഗിച്ച സംഘത്തിന് ക്ഷേത്ര ട്രസ്റ്റി ബോർഡ് അനുമതി നൽകിയില്ലെന്നുമാണ് കലക്ടർ നിശാന്ത് കൃഷ്ണ പറയുന്നത് . ഇക്കാര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

