ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ യുവാവിന് കുത്തേറ്റു. ഇന്നലെ രാവിലെ ക്ലിഫ്റ്റൺപാർക്ക് അവന്യൂവിൽ ആയിരുന്നു സംഭവം. മൂന്നംഗ സംഘമാണ് യുവാവിനെ ആക്രമിച്ചത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിദ്വേഷ കുറ്റകൃത്യമാണ് നടന്നത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ 7.30 നും 7.45 നും ഇടയിലായിരുന്നു ആക്രമണം. മൂന്നംഗ സംഘവുമായി യുവാവ് തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനിടെ ആയിരുന്നു ആക്രമണം. യുവാവിന്റെ പരിക്കുകൾ സാരമുള്ളതാണെങ്കിലും ജീവന് ഭീഷണിയുള്ളതല്ല. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. വാഹന യാത്രികർ ഡാഷ് ക്യാം പരിശോധിക്കേണ്ടതാണ്.

