കാസര്‍കോട് : കാസർകോട് ഡി സി സി പ്രസിഡന്റ് പി കെ ഫൈസലിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം . ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി സെക്രട്ടറിയും , മുൻ എം പി ഐ രാമറായിയുടെ മകനുമായ സുബ്ബയ്യ റായി സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി.
ഡിസിസി ഓഫീസിന് മൂന്നാം നില നിർമ്മിക്കാൻ തീരുമാനിച്ചെന്നും , മൂന്നാം നിലയ്ക്ക് ഐ രാമറായിയുടെ പേരിടാൻ 20 ലക്ഷം രൂപ ഫൈസൽ ആവശ്യപ്പെട്ടുവെന്നുമാണ് സുബ്ബയ്യ റായിയുടെ പരാതി . ഡിസിസി പ്രസിഡന്റ് ഫൈസൽ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നതെന്നും സുബ്ബയ്യ റായി കുറ്റപ്പെടുത്തി.
അന്തരിച്ച മുൻ എം എൽ എ കെ പി കുഞ്ഞിക്കണ്ണന്റെ പേരിൽ കെട്ടിടം നിർമ്മിക്കാനുള്ള പിരിവാണിപ്പോൾ നടത്തുന്നതെന്നും സുബ്ബയ്യ പറയുന്നു. ഫൈസൽ ഒറ്റയ്ക്കാണ് ഈ തീരുമാനമെടുത്തത് . മണ്ഡലം കമ്മിറ്റികളിൽ നിന്നടക്കം പണം പിരിക്കാനാണ് നീക്കം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.
അതേസമയം തനിക്കെതിരായ സാമ്പത്തികാരോപണം ഫൈസൽ തള്ളി. രാമറായിയുടെ പേരിൽ ഹാൾ നിർമ്മിക്കാൻ തീരുമാനിച്ചിട്ടില്ല. നിലവിലെ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഐ രാമറായി, കോടോത്ത് ഗോവിന്ദന് നായര്‍, പി ഗംഗാധരന് നായര്‍ എന്നിവരുടെ പേരില്‍ ലൈബ്രറി നിർമ്മിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഫൈസൽ പറഞ്ഞു.
പാർട്ടിയിലെ എല്ലാ ഭാരവാഹികളുമായും ആലോചിച്ചാണ് മുന്നോട്ട് പോകുന്നത് . തനിക്കെതിരെ ഇത്തരമൊരു ആരോപണമുന്നയിച്ചയാൾ അതിനുള്ള തെളിവ് നൽകണം . സുബ്ബയ്യ റായിയുമായി ഇത്തരമൊരു സംഭാഷണം ഉണ്ടായിട്ടില്ല . താന്‍ പ്രസിഡന്റായ ശേഷമുള്ള ഒരു ഡിസിസി യോഗത്തില്‍ പോലും സുബ്ബയ്യ റായി പങ്കെടുത്തിട്ടില്ലെന്ന് പി കെ ഫൈസല്‍ പറഞ്ഞു.
താൻ സുബ്ബയ്യ റായിയ്ക്കെതിരെ കെ പി സി സിയ്ക്കും , എ ഐ സിസിയ്ക്കും പരാതി നൽകും. ഇതിൽ നടപടി ഉണ്ടായില്ലെങ്കിൽ നിയമപോരാട്ടം നടത്തുമെന്നും ഫൈസൽ പറഞ്ഞു.

