ടെൽ അവീവ് : ഹമാസിന്റെ മുതിർന്ന സൈനിക നേതാവ് സമീർ അബു യൂനിസിനെ വധിച്ച് ഇസ്രായേൽ സൈന്യം . 2023 ഒക്ടോബർ 7 ലെ ഇസ്രായേൽ ആക്രമണം ആസൂത്രണം ചെയ്തവരിൽ നിർണ്ണായക പങ്ക് വഹിച്ചയാളാണ് അബു യൂനിസ് . ഗാസയിലെ തങ്ങളുടെ കമാൻഡർ കൊല്ലപ്പെട്ട വിവരം ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡും സ്ഥിരീകരിച്ചിട്ടുണ്ട്.
‘ കുറച്ച് സമയം മുൻപ് ഇസ്രായേൽ പ്രതിരോധസേനയും ആഭ്യന്തരസുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും ചേർന്ന് ഹമാസിന്റെ സൈനിക വിഭാഗത്തിലെ ഉന്നത നേതാവിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തി ‘ എന്നാണ് ഞായർ രാവിലെ ഇസ്രായേൽ സൈന്യം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. ഒക്ടോബർ 7 ലെ ആക്രമണം ആസൂത്രണം ചെയ്യുന്നതിലും മേൽനോട്ടം വഹിക്കുന്നതിലും പങ്കെടുത്ത ഏറ്റവും പ്രധാനപ്പെട്ട കമാൻഡർമാരിൽ ഒരാളാണ് യൂനിസെന്ന് അൽ അഖ്സാം ബ്രിഗേഡ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
അൽ അഖ്സാ ബ്രിഗേഡിന്റെ റഫാ വിഭാഗം കമാൻഡറായിരുന്നു യൂനിസ് . അൽ-മവാസിയിൽ നടന്ന ആക്രമണത്തിലാണ് യൂനിസ് കൊല്ലപ്പെട്ടത് .യൂനിസിനൊപ്പമുണ്ടായിരുന്ന രണ്ട് പേർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.
ഹമാസിന്റെ ഭരണത്തിൻ കീഴിലുള്ള ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം യുഎസുമായുള്ള വെടിനിർത്തൽ കരാറിന് ശേഷം ഏകദേശം 1500 ഓളം പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത് . ഇക്കാലയളവിൽ ഏഴോളം സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേലും സ്ഥിരീകരിച്ചു.

