തിരുവനന്തപുരം : തലസ്ഥാനനഗരിയിലെ മാതൃകാ ജില്ലാ ആശുപത്രിയുടെ ദുരവസ്ഥയുടെ നേർക്കാഴ്ച്ചകൾ പുറത്ത് . പേരൂർക്കട മാതൃകാ ജില്ലാ ആശുപത്രി സ്ത്രീകളുടെ ശസ്ത്രക്രിയ വാർഡിനോട് ചേർന്നുള്ള കെട്ടിടത്തിലെ കിടക്കകളിലാണ് ചത്ത എലിയെയും , പൂച്ചയെയും കണ്ടെത്തിയത്. രോഗികളുടെ കൂട്ടിരിപ്പുകാർ നിലവിൽ ഉപയോഗിക്കുന്ന വാർഡിലാണ് പൂച്ചകളുടെയും , എലികളുടെയും വിഹാരം.
ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ ആശുപത്രിയ്ക്കാണ് ഈ ദുരവസ്ഥ. അധികൃതർ ആരും തിരിഞ്ഞ് നോക്കാത്ത അവസ്ഥയിൽ രോഗിയുടെ കൂട്ടിരിപ്പുകാർ തന്നെയാണ് ചത്ത എലിയെയും മറ്റും എടുത്ത് മാറ്റുന്നത്. നേരത്തെ ശസ്ത്രക്രിയ കഴിഞ്ഞവരെ മാറ്റുന്നത് ഈ ഭാഗത്തേയ്ക്കായിരുന്നു.
ചത്ത എലിയും, പൂച്ചയും കിടക്ക കയ്യടക്കിയതോടെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും അണുബാധ ഭീഷണിയുമുണ്ട്. സംഭവത്തിൽ ആരോഗ്യ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. ആശുപത്രിക്ക് പുറത്ത് തെരുവുനായയുടെ ശല്യവും രൂക്ഷമാണ്.

