ഡബ്ലിൻ: അയർലൻഡിൽ പ്രായപൂർത്തിയായ 32 ശതമാനം പേർ സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നതായി പഠനം. പ്യുവർ ടെലകോം നടത്തിയ പഠനത്തിലാണ് നിർണായക വിവരങ്ങൾ വെളിപ്പെട്ടത്. 46 ശതമാനം പേർ വ്യാജ സന്ദേശങ്ങൾ തങ്ങളുടെ അഭിപ്രായത്തെ സ്വാധീനിച്ചതായി സാക്ഷ്യപ്പെടുത്തുന്നു.
ഒരു സന്ദേശം അതിന്റെ വസ്തുത ശരിയാംവണ്ണം മനസിലാക്കാതെയാണ് 32 ശതമാനം പേരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. 87 ശതമാനം പേർ ആധുനിക സമൂഹം നേരിടുന്ന ഗുരുതര പ്രശ്നമായി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെ കാണുന്നു. ഓൺലൈനിൽ കണ്ട വിവരങ്ങൾ ആദ്യം സത്യമാണെന്ന് 69 ശതമാനം പേരും കരുതുന്നു. പിന്നീടാണ് ഇവർ സത്യം മനസിലാക്കിയത്. 65 ശതമാനം പേർ തങ്ങൾക്ക് അറിയാവുന്ന ആളുകൾ ഓൺലൈനിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. യഥാർത്ഥ വാർത്തയും വ്യാജ വാർത്തയും തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് 81 ശതമാനം പേർ വിശ്വസിക്കുന്നു.

