ഡബ്ലിൻ: താല മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ കുറേ ആഴ്ചകളായി ഇവരുടെ മോഷണ പരമ്പരയെ തുടർന്നുള്ള ഭീതിയിൽ ആയിരുന്നു ജനങ്ങൾ.
വീട് കുത്തിത്തുറന്ന് മോഷണം നടത്തുകയാണ് ഇവരുടെ രീതി. ഇതിന് പുറമേ വാഹനങ്ങളും ഇവർ മോഷ്ടിക്കാറുണ്ട്. മോഷണങ്ങൾ വർധിച്ചതിനെ തുടർന്ന് ഇവർക്കായി പോലീസ് വലവിരിക്കുകയായിരുന്നു. ഇവരെ പിടികൂടാൻ ശനിയാഴ്ച ക്ലൂൺമോർ പാർക്ക് മേഖലയിൽ പോലീസ് നിരീക്ഷണം നടത്തിയിരുന്നു. ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഇവരിൽ ഒരാളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് പിടികൂടി. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ തിങ്കളാഴ്ച രാവിലെയാണ് താല വില്ലേജ് ഡിസ്ട്രിക്റ്റ് കോടതിയിൽ ഹാജരാക്കിയത്.

