തിരുവനന്തപുരം : ഷിഗെല്ല രോഗബാധ പടരുന്നു. നവംബറിലെ ആദ്യ ആറ് ദിവസത്തിനിടെ 23 പേർക്ക് രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച്ച മാത്രം 13 പേർ രോഗബാധിതരായി. സെപ്റ്റംബറിൽ 32 പേർക്കായിരുന്നു രോഗം ബാധിച്ചത് . ഈ വർഷം ഇതുവരെ 583 പേരിൽ രോഗം കണ്ടെത്തി. 116 പേർ നിരീക്ഷണത്തിലാണ് . എട്ട് പേർക്ക് ജീവൻ നഷ്ടമായി. സംസ്ഥാനത്ത് ആദ്യം രോഗം റിപ്പോർട്ട് ചെയ്ത 2025 ൽ 132 പേർക്കായിരുന്നു രോഗം. അന്ന് മരണം റിപ്പോർട്ട് ചെയ്തിരുന്നില്ല.
വെള്ളിയാഴ്ച്ച രോഗം സ്ഥിരീകരിച്ച 13 പേരിൽ 7 പേരും മലപ്പുറം ജില്ലക്കാരാണ്. കോഴിക്കോട് അഞ്ച് പേർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം തലവൂരിൽ ഒരാൾക്ക് രോഗബാധ കണ്ടെത്തി. നവംബറിലെ 23 രോഗികളിൽ ഏഴ് പേർ മലപ്പുറത്തും ആറ് പേർ കോഴിക്കോട്ടും , മൂന്ന് പേർ പാലക്കാട്ടുമാണ്. തൃശ്ശൂരിലും കൊല്ലത്തും രണ്ടുപേർക്കു വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓരോരുത്തർക്കും രോഗമുണ്ടായി.
ജൂണിലാണ് ഈ വർഷം രോഗം കുതിച്ചുയർന്നത് . 205 പേർക്ക് രോഗം ബാധിച്ചു. കഴിഞ്ഞ വർഷം ജൂണിൽ 21 ആയിരുന്നു രോഗം ബാധിച്ചവർ . ഈ വർഷത്തെ എട്ട് മരണങ്ങളിൽ ആറും ജൂണിലായിരുന്നു. ജൂലായിൽ 128 പേർക്കും ഓഗസ്റ്റിൽ 50 പേർക്കും സെപ്റ്റംബറിൽ 32 പേർക്കും രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷത്തെ 132 കേസുകളിൽ 55 എണ്ണവും കോഴിക്കോട്ടായിരുന്നു. കനത്ത മഴയും, വെള്ളപ്പൊക്കവും , കുടിവെള്ള സ്രോതസുകൾ മലിനമായതുമായണ് ജൂണിൽ രോഗം വ്യാപിക്കാൻ കാരണമായത്.

