കോഴിക്കോട് ; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരെ രൂക്ഷ വിമർശനവുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഗ്യാനേഷ് കുമാറിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്നും , മോദി രാജി വച്ച് പുറത്ത് പോകേണ്ടി വരുമെന്നുമാണ് കെ സി വേണുഗോപാൽ പറഞ്ഞു. കോഴിക്കോട് കോൺഗ്രസിന്റെ ‘ദേശ് ബച്ചാവോ റാലി’യിൽ സംസാരിക്കവേയായിരുന്നു വിമർശനം. 2029 ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
മോദിയെ സംവദിക്കാൻ വെല്ലുവിളിക്കുകയാണ് കോൺഗ്രസ് . എന്നാൽ മോദി ഓടിയൊളിക്കുകയാണ്. രാഹുൽ ഗാന്ധി എന്ത് ചെയ്യാൻ പോകുകയണെന്ന് കാണാൻ ഇൻഡിയ സഖ്യവും, കോൺഗ്രസും കാത്തിരിക്കണം. കോഴിക്കോട് നടക്കുന്നത് രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടമാണ്. ഹരിയാനയിലടക്കം കോൺഗ്രസിന് വലിയ പിന്തുണയുണ്ടായിരുന്നു. എന്നിട്ടും അവിടെ കോൺഗ്രസ് തോറ്റു.
ഹരിയാനയിൽ ബിജെപി ജയിച്ചത് എങ്ങനെയാണ് ? മഹാരാഷ്ട്രയിലും, കർണാടകയിലും സമാന അവസ്ഥയുണ്ടായി. കോൺഗ്രസിനെ ഇല്ലാതാക്കാനാണ് അമിത് ഷായും, മോദിയും ശ്രമിക്കുന്നത്. നിയമത്തിൻ്റെ എല്ലാം സംരക്ഷണവും ഗ്യാനേഷ്കുമാറിന് കിട്ടി. ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ഗ്യാനേഷ് കുമാർ ശ്രമിക്കുന്നത് . ഡൽഹിയിലെ പോരാട്ടത്തിൽ ഗ്യാനേഷ്കുമാറിനും മോദിക്കും ഉറങ്ങാൻ കഴിയില്ലെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

