ന്യൂഡൽഹി : നക്സലിസത്തിനെതിരായ പോരാട്ടത്തിൽ രാജ്യം കൈവരിച്ച പുരോഗതിയ്ക്ക് പിന്നിൽ സുരക്ഷാസേനയുടെ നിശ്ചയദാർഢ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാരിന്റെ നയങ്ങളും സൈനികർക്ക് കരുത്തായി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സി ആർ പി എഫ് ഉദ്യോഗസ്ഥരാരും കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഛത്തീസ്ഗഡിലെ ബസ്തർ സന്ദർശിക്കവേ സുരക്ഷാ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ 2014 മുതൽ മാവോയിസ്റ്റ് കലാപത്തിനെതിരായ പോരാട്ടത്തിൽ രാജ്യം വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. 2014 ൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അധികാരത്തിൽ വന്നതോടെ ആഭ്യന്തരസുരക്ഷാ ഭീഷണികളെ നേരിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ശക്തിപ്പെട്ടു.
രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശക്തമായ നിശ്ചയദാർഢ്യവും, ആസൂത്രിതമായ തന്ത്രവും വേണം . രാജ്യത്തിന്റെ ശത്രുക്കളെ നേരിടുകയും , പരാജയപ്പെടുത്തുകയും വേണം. ഇതിനാവശ്യമായ രാഷ്ട്രീയ ഇച്ഛാശക്തി ആദ്യം രാജ്യത്തിന് കുറവായിരുന്നു. ജനങ്ങൾ എനിക്ക് രാജ്യത്തെ സേവിക്കാൻ അവസരം നൽകി . ഞാൻ അധികാരമേറ്റതിന് ശേഷം സാഹചര്യങ്ങൾ മാറിത്തുടങ്ങി .നക്സലിസത്തിനും മാവോയിസ്റ്റ് ഭീകരതയ്ക്കുമെതിരായ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിൽ രാജ്യം വിജയിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലിയാണിത്. രാജ്യത്തെ ഓരോ ജില്ലയും നക്സലിസത്തിൽ നിന്ന് മുക്തമായ ആദ്യ ദീപാവലിയാണിത്.
ദീർഘകാലമായി നക്സലൈറ്റുകളേക്കാൾ കൂടുതൽ നമ്മുടെ സൈനികരായിരുന്നു കൊല്ലപ്പെടുന്നത്. എന്നാൽ 47 വർഷത്തിനിടയിൽ ആദ്യമായി നാമൊരു മാറ്റം കണ്ടു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സി ആർ പി എഫ് ഉദ്യോഗസ്ഥരാരും കൊല്ലപ്പെട്ടിട്ടില്ല . സർക്കാരിന്റെ നയങ്ങളുടെയും , സുരക്ഷാ ഉദ്യോഗസ്ഥരുടെയും ധൈര്യം , സംയമനം , നിശ്ചയദാർഢ്യം എന്നിവയുടെയും വിജയമാണിത് . മുൻ വർഷത്തെ സർക്കാരുകളുടെ കാലഘട്ടത്തിൽ കൊല്ലപ്പെട്ട നക്സലൈറ്റുകളുടെ എണ്ണത്തേക്കാൾ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. നിർഭാഗ്യവശാൽ അക്കാലത്തെ സർക്കാരുകൾ നക്സലിത്തെ ഭേദമാക്കാൻ കഴിയാത്ത ഒരു രോഗമായി കണ്ട് വിട്ടു കളഞ്ഞു “ പ്രധാനമന്ത്രി പറഞ്ഞു.

