ഡബ്ലിൻ: അടച്ച് പൂട്ടൽ ഭീഷണി നേരിട്ട് അയർലൻഡിലെ ഗ്രാമീണ മേഖലകളിലുള്ള പ്രൈമറി സ്കൂളുകൾ. വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതാണ് സ്കൂളുകൾക്ക് വലിയ ഭീഷണി ആയിരിക്കുന്നത്. അടുത്തിടെ വിദ്യാഭ്യാസ യുവജന വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം സ്കൂളിൽ ചേർന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 6,470 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ജൂൺ മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഗ്രാമീണ മേഖലകളിൽ 11 പ്രൈമറി സ്കൂളുകളാണ് സ്ഥിരമായി അടച്ച് പൂട്ടിയത്. വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ മറ്റ് സ്കൂളുകൾ പ്രതിസന്ധി നേരിടുന്നുണ്ട്. 1891ൽ സ്ഥാപിതമായ സ്ലാറ്റ നാഷണൽ സ്കൂൾ, കോ റോസ്കോമണിലെ റൂസ്കിക്കും സ്ട്രോക്ക്സ്ടൗണിനും ഇടയിലുള്ള കിൽഗ്ലാസിൽ സ്ഥിതി ചെയ്യുന്ന രണ്ട് അധ്യാപകരുള്ള ഒരു ഗ്രാമീണ സ്കൂളാണ്. 2022 സെപ്റ്റംബറിൽ, ഇവിടെ 23 വിദ്യാർത്ഥികൾ ചേർന്നിരുന്നു. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഇത് കുറഞ്ഞു. നിലവിൽ എട്ട് വിദ്യാർത്ഥികൾ മാത്രമാണ് സ്കൂളിൽ ഉള്ളത്.

