ന്യൂഡൽഹി : രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന കഫ് സിറപ്പുകൾ നിരോധിക്കുമെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ പുറത്തിറക്കിയ 2026 ലെ നാഷണൽ ഫോർമുലറി ഓഫ് ഇന്ത്യയുടെ കരടിലാണ് ഈ നിർദേശമുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡ്രഗ്സ് കൺട്രോളർ ജനറലും ഇതിനുള്ള നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം വളരെ ഗുരുതരമായ കേസുകളിൽ, പരിശോധനകൾക്ക് ശേഷം ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മരുന്നുകൾ നൽകാമെന്നും നിർദ്ദേശത്തിൽ പറയുന്നു.
2025-ൽ ചില ചുമ, ജലദോഷ മരുന്നുകളിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ തുടങ്ങിയ വിഷ പദാർത്ഥങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. മരുന്നുകളിലെ ഈ രാസവസ്തുക്കൾ കുട്ടികളുടെ വൃക്കകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. ചുമ സിറപ്പുകൾ കഴിച്ച് കുട്ടികൾ മരിക്കുന്നതിന്റെ ഏറ്റവും കൂടുതൽ കേസുകൾ മധ്യപ്രദേശിലാണ്. തമിഴ്നാട്ടിൽ നിർമ്മിക്കുന്ന കഫ് സിറപ്പിൽ അനുവദനീയമായതിലും കൂടുതൽ ഡയത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തി.
കാഞ്ചീപുരത്തെ ഫാർമസിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ഡയത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയിരുന്നു . മധ്യപ്രദേശ് സർക്കാരിന്റെ അഭ്യർഥന മാനിച്ചാണ് സാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചത്. രാജസ്ഥാനിൽ നിന്നും കഫ് സിറപ്പുകളെക്കുറിച്ച് സമാനമായ പരാതി ഉയർന്നിരുന്നു.

