ഇസ്ലാമാബാദ്: മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ഇറാനും യുഎസും തമ്മിൽ നടത്തിയ ആദ്യ റൗണ്ട് ചർച്ചകൾ പരാജയം . ആണവായുധങ്ങൾ വികസിപ്പിക്കരുതെന്ന യുഎസ് നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് ചർച്ചകൾ ഒരു കരാറുമില്ലാതെ അവസാനിച്ചുവെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു. ഇറാനുമായുള്ള ചർച്ചകളിൽ ഫലപ്രദമായ കരാറുകൾ ആയിട്ടില്ലെന്നും വാൻസ് പറഞ്ഞു.
‘ഒരു കരാറിലെത്താൻ കഴിയാത്തത് നിർഭാഗ്യകരമാണ്. അത് അമേരിക്കയെക്കാൾ ഇറാനെ കൂടുതൽ ദോഷകരമായി ബാധിക്കുമെന്ന് ഞാൻ കരുതുന്നു. ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ അവർ തയ്യാറായില്ല. ചർച്ചകളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടായിരുന്നെങ്കിൽ, അത് പാകിസ്ഥാന്റെ പക്ഷത്തായിരുന്നില്ല. അവർ അത്ഭുതകരമായി പ്രവർത്തിച്ചു. ഇറാനികളും നമ്മളും തമ്മിലുള്ള വിടവ് നികത്താനും ഒരു കരാറിലെത്താൻ ഞങ്ങളെ സഹായിക്കാനും വളരെയധികം ശ്രമിച്ചു.
ഞങ്ങൾ ഇപ്പോൾ 21 മണിക്കൂറായി ഇതിനെക്കുറിച്ച് സംസാരിക്കുന്നു. ഇറാനികളുമായി ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്തു, പക്ഷേ ഒരു കരാറിലെത്താൻ കഴിഞ്ഞില്ല,’ വാൻസ് പറഞ്ഞു.
ഒരു കരാറില്ലാതെ ചർച്ച അവസാനിച്ചുവെന്ന് ഇറാനും സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗത അവകാശങ്ങൾ, ഇറാന്റെ ആണവ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ഇറാൻ പറയുന്നു. ചർച്ച പരാജയപ്പെട്ടതോടെ, ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തലും അനിശ്ചിതത്വത്തിലാണ്.
രണ്ട് ദിവസം മുൻപ് ഇറാനും അമേരിക്കയും 14 ദിവസത്തെ വെടിനിർത്തലിന് ധാരണയിലെത്തിയിരുന്നു. ചർച്ച പരാജയപ്പെട്ടാൽ ഇറാനുമായി യുദ്ധം പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യം ഭീഷണിപ്പെടുത്തിയിരുന്നു. എന്തും നേരിടാൻ തയ്യാറാണെന്ന് ഇറാൻ മറുപടിയും നൽകി.
പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന ചർച്ചകളിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, ട്രംപിന്റെ ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവർ പങ്കെടുത്തു. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരടങ്ങുന്ന പ്രതിനിധി സംഘവും ഇറാനുവേണ്ടി പങ്കെടുത്തു. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും മധ്യസ്ഥത വഹിച്ചു.

