ഡബ്ലിൻ: അയർലൻഡിനെ സമ്പന്ന രാജ്യമായി കണക്കാക്കാതെ ദി എക്കണോമിസ്റ്റ് മാഗസിൻ. സമ്പന്ന രാജ്യങ്ങളുടെ വാർഷിക റാങ്കിംഗിൽ അയർലൻഡിനെ ഉൾപ്പെടുത്തിയില്ല. ദി എക്കണോമിസ്റ്റിന്റെ റാങ്കിംഗിൽ സ്വിറ്റ്സർലൻഡ്, സിംഗപ്പൂർ, നോർവേ എന്നീ രാജ്യങ്ങളാണ് മുൻപന്തിയിലുള്ളത്.
ജിഡിപി കണക്കുകൾ നികുതി ആർബിട്രേജ് മൂലം മലിനമാക്കപ്പെട്ടിരിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 178 രാജ്യങ്ങളുടെ പട്ടികയിൽ അയർലൻഡിനെ ഉൾപ്പെടുത്താതിരുന്നത്. ബഹുരാഷ്ട്ര കമ്പനികളുടെ നികുതി ആസൂത്രണമാണ് ജിഡിപി കണക്കുകൾ വികലമാകാൻ കാരണം എന്ന് ദി എക്കണോമിസ്റ്റ് വ്യക്തമാക്കുന്നു. വിപണി വിനിമയ നിരക്കിലുള്ള ജിഡിപി, പ്രാദേശിക ചിലവുകൾക്ക് അനുസരിച്ച് ക്രമീകരിച്ച വരുമാനം, ജോലി ചെയ്ത മണിക്കൂറുകൾ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മാഗസിൻ സമ്പന്ന രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്.
പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള സ്വിറ്റ്സർലൻഡിന്റെ ശരാശരി വരുമാനം കഴിഞ്ഞ വർഷം 1,00,000 ഡോളർ കവിഞ്ഞു. 90,700 ഡോളറാണ് സിംഗപ്പൂരിന്റെ ശരാശരി വരുമാനം. 86,800 ഡോളർ ശരാശരി വരുമാനവുമായി നോർവേ ആണ് മൂന്നാം സ്ഥാനത്തുള്ളത്.

