ഡബ്ലിൻ: ഇഎസ്ബി ചീഫ് എക്സിക്യൂട്ടീവ് പാഡി ഹെയ്സിന്റെ ശമ്പളം വർധിപ്പിച്ചു. മുൻ വർഷത്തെക്കാൾ ശമ്പളത്തിൽ 29 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ശമ്പളം ഉയർത്താൻ അടുത്തിടെ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിഷ്കരിച്ച ശമ്പളം നൽകാൻ തീരുമാനിച്ചുകൊണ്ട് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.
91,917 യൂറോയുടെ വർധനവാണ് ശമ്പളത്തിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ പുതിയ ശമ്പളം 4,10,000 യൂറോയായി ഉയർന്നു. കഴിഞ്ഞ വർഷം ഹെയ്സിന്റെ മേൽനോട്ടത്തിൽ ഇഎസ്ബി 749.7 മില്യൺ യൂറോയുടെ നികുതിയ്ക്ക് മുൻപുള്ള ലാഭം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം അദ്ദേഹം പുതിയ ജീവനക്കാരെ നിയമിച്ചതിനെ തുടർന്ന് ആകെ ജീവനക്കാരുടെ എണ്ണം 9,968 ആയി വർധിച്ചിരുന്നു. ഇത് ആകെ വരുമാനത്തിലും പ്രതിഫലിച്ചു. 6.73 ബില്യൺ യൂറോയുടെ വരുമാനം ആയിരുന്നു ഇഎസ്ബി സ്വന്തമാക്കിയത്.

