ബെൽഫാസ്റ്റ്: ന്യൂടൗണാബ്ബിയിൽ ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ ആക്രമണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം അന്വേഷണ സംഘവുമായി ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു. മല്ലുസ്ക് പ്ലേയിംഗ് ഫീൽഡിൽ ശനിയാഴ്ച മൂന്ന് മണിയ്ക്ക് ആയിരുന്നു സംഭവം ഉണ്ടായത്.
ബിഡിഎഫ്എൽ കപ്പ് മത്സരത്തിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത്. സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നായിരുന്നു സംഭവത്തെക്കുറിച്ച് പുറം ലോകം അറിഞ്ഞത്. ഡ്രസിംഗ് റൂമിന് പുറത്തുവച്ച് ഒരാളെ ഒരു കൂട്ടം ആളുകൾ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. കെൽവിൻ ഓൾഡ് ബോയ്സ് യു21 ഉം വെസ്റ്റ്ലാൻഡ് യംഗ് മെൻ എഫ്സിയും തമ്മിൽ ആയിരുന്നു സംഭവ സമയം മത്സരം ഉണ്ടായത്.

