ഡബ്ലിൻ: പ്രധാനമന്ത്രി മീഹോൾ മാർട്ടിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷാംഗങ്ങൾ. ഇന്നലെ നടന്ന ഡെയിലിന്റെ യോഗത്തിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്നാണ് മീഹോൾ മാർട്ടിനെതിരെ വിമർശനം ഉയർന്നത്. സിൻ ഫെയ്ൻ നേതാവ് മേരി ലൂ മക്ഡൊണാൾഡ്, ലേബർ പാർട്ടി നേതാവ് ഇവാന ബാസിക്ക് എന്നിവരാണ് അദ്ദേഹത്തെ സഭയിൽവച്ചു തന്നെ വിമർശിച്ചത്.
പ്രധാനമന്ത്രി എവിടെയെന്ന് ചോദിച്ചുകൊണ്ടായിരുന്നു മേരി വിമർശനം ആരംഭിച്ചത്. ഊർജ്ജ വിലയിൽ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ ഇതേക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം എവിടെയെന്ന് മേരി ചോദിച്ചു. പ്രധാനമന്ത്രിയുടെ അഭാവം തന്നെ അതിശയിപ്പിച്ചതായി ലേബർ പാർട്ടി വനിതാ നേതാവ് ഇവാന ബാസിക്ക് പ്രതികരിച്ചു. പ്രധാനമന്ത്രിയ്ക്ക് പകരം ഗതാഗത ഊർജ്ജ വകുപ്പ് മന്ത്രി കാര്യങ്ങൾക്ക് മറുപടി പറയുന്നത് ഉചിതമായി തോന്നുന്നില്ലെന്നും ബാസിക്ക് പറഞ്ഞു.

