ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പരിധി എടുത്തു കളയാൻ ആലോചന. ഇത് സംബന്ധിച്ച നിയമഭേദഗതി ഉടൻ മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്ന് ഗതാഗതമന്ത്രി ദരാഗ് ഒബ്രിയാന്റെ വക്താവ് അറിയിച്ചു. നിലവിൽ പ്രതിവർഷം 32 മില്യൺ യാത്രികർ എന്നതാണ് വിമാനത്താവളത്തിന്റെ പരിധി.
ഈ പരിധി എടുത്തുകളയുന്നതിനുള്ള നിർദ്ദേശം വരും ആഴ്ചകളിൽ മന്ത്രി ക്യാബിനറ്റിന് മുൻപിൽവയ്ക്കുമെന്നാണ് വക്താവ് അറിയിക്കുന്നത്. ഈ നിർദ്ദേശം അംഗീകരിച്ചാൽ കരട് തയ്യാറാക്കൽ സംബന്ധിച്ച തീരുമാനത്തിനായി പൊതു പദ്ധതിയും അനുബന്ധ ബില്ലുകളുടെ നിർദ്ദേശങ്ങളും അടങ്ങിയ രണ്ടാമത്തെ മെമ്മോ കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു.
വിമാനത്താവളത്തിൽ യാത്രികർക്ക് ഏർപ്പെടുത്തിയ പരിധി നീക്കുമെന്നതായിരുന്നു ഇപ്പോഴത്തെ സർക്കാരിന്റെ പ്രധാന വാഗ്ദാനം. എന്നാൽ ഈ നിയന്ത്രണം ഇപ്പോഴും തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ റയാൻ എയറിന്റെ ചീഫ് എക്സിക്യൂട്ടീവ് രംഗത്ത് എത്തിയിരുന്നു.

