ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിലെ ലിക്വിഡ് നിയമങ്ങളിൽ മാറ്റം. ഇനി മുതൽ യാത്രികർക്ക് കൈവശം കൊണ്ടുപോകാവുന്ന ദ്രാവകത്തിന്റെ അളവ് വർധിപ്പിച്ചു. വ്യാഴാഴ്ച അർധരാത്രി മുതലാണ് പുതിയ ഇളവുകൾ നിലവിൽവന്നത്.
നേരത്തെ ഹാൻഡ് ലഗേജിൽ 100 മില്ലീ ലിറ്ററിൽ കൂടുതൽ ദ്രാവകം സൂക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇനി മുതൽ രണ്ട് ലിറ്റർവരെയുള്ള ദ്രാവകം സൂക്ഷിക്കാം. ഹാൻഡ് ലഗേജിൽ കരുതുന്ന ലിക്വിഡുകളുടെ എണ്ണത്തിന്മേലുള്ള നിയന്ത്രണവും നീക്കി. ലിക്വിഡുകളും ജെല്ലുകളും ഇനി മുതൽ സുതാര്യമായ പ്ലാസ്റ്റിക് ബാഗുകളിൽ സൂക്ഷിക്കേണ്ട സാഹചര്യവും ഇല്ല. സുരക്ഷാ പരിശോധനാ സംവിധാനത്തിലൂടെ കടന്നുപോകുമ്പോൾ ഹാൻഡ് ലഗേജിൽ നിന്നും ലിക്വിഡ്, ജെല്ലുകൾ, ഇലക്ട്രോണിക് വസുക്കൾ എന്നിവ കയ്യിൽ പിടിക്കേണ്ടതില്ല.
അടുത്തിടെ സ്കാനിംഗ് സംവിധാനത്തിൽ ഡബ്ലിൻ വിമാനത്താവളം മാറ്റം വരുത്തിയിരുന്നു. ഇതോടെയാണ് ലിക്വിഡ് നിയമങ്ങളിൽ ഇളവ് വരുത്തിയത്. അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് പുതിയ സ്കാനിംഗ് സംവിധാനം പ്രവർത്തിക്കുന്നത്.

