ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ ബാക്കി നിൽക്കേ മത്സരത്തിൽ നിന്നും പിന്മാറി ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി ജിം ഗാവിൻ. ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു താൻ പിന്മാറുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിൽ വാടക രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പിന്മാറ്റം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉണ്ടായ ചിന്തകളെ തുടർന്നാണ് പിന്മാറ്റം എന്നാണ് പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തോടുള്ള സ്നേഹത്താലും പൊതുജനസേവനത്തോടുള്ള താത്പര്യത്താലുമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്. പ്രസിഡന്റ് രാജ്യത്തെ പൊതുസേവനത്തിന്റെ പരമോന്നത പദവിയാണ്. പ്രസിഡന്റിന്റെ ഓഫീസിൽ വിവാദങ്ങൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

