ഡബ്ലിൻ: അയർലൻഡിൽ അടുത്ത നാല് ദിവസം കൂടി ചൂടുള്ള കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. അന്തരീക്ഷ താപനില 28 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടാം. ഉഷ്ണതരംഗത്തിന് സമാനമായ കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. എന്നാൽ അടുത്ത വാരം അയർലൻഡിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്.
ഈ വാരാന്ത്യം നല്ല തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷകനായ അലൻ ഒ റെയ്ലി വ്യക്തമാക്കുന്നു. ഒയാസിസ് സംഗീത പരിപാടിയ്ക്ക് അനുകൂല കാലാവസ്ഥയാണ് ഉള്ളത്. എന്നാൽ ബുധനാഴ്ച മുതൽ സ്ഥിതിഗതികൾ മാറും. അയർലൻഡിലെ ചൂട് കുറയാൻ ആരംഭിക്കും. വെള്ളിയാഴ്ച മഞ്ഞുമൂടിയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. അടുത്ത ശനി, ഞായർ ദിവസങ്ങളിൽ അതിശക്തമായ മഴയും ലഭിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു.

