ഡബ്ലിൻ: കുടിയേറ്റം സംബന്ധിച്ച് പുതിയ നയവും പദ്ധതിയും അധികം വൈകാതെ വികസിപ്പിക്കുമെന്ന് വ്യക്തമാക്കി അയർലൻഡ് കുടിയേറ്റ വകുപ്പ് മന്ത്രി ജിം ഒ കലഗാൻ. അയർലൻഡിന് രാജ്യത്തിന് പുറത്തുനിന്നുള്ളവരെ ആവശ്യമുണ്ട്. അടുത്തിടെ രാജ്യത്ത് കുടിയേറ്റക്കാർക്ക് എതിരെ ഉണ്ടായ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർക്കെതിരായ ആക്രമണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കേംബ്രിഡ്ജ് മുൻ മേയറും നിലവിലെ കൗൺസിലറുമായ ബൈജു തിട്ടാല അയർലൻഡ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയിലാണ് കലഗാന്റെ മറുപടി.
ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾ തന്നെ ഏറെ ദു:ഖിപ്പിച്ചു. അതുകൊണ്ട് തന്നെ വിഷയത്തെ ഗൗരവത്തോടെയാണ് സമീപിക്കുന്നത്. വിഷയത്തിൽ ഗാർഡ കമ്മീഷണറുമായി സംസാരിച്ചു. സംഭവങ്ങളിൽ ഊർജ്ജിമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചിട്ടുണ്ടെന്നും കലഗാൻ കൂട്ടിച്ചേർത്തു.

