ഡബ്ലിൻ: ഡബ്ലിനിൽ ഇന്ത്യക്കാരന് നേരെ ആക്രമണം. ആക്രമണത്തിന് ഇരയായ രോഹിത് ജെയിൻ ആണ് ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. അദ്ദേഹത്തിന്റെ സുഹൃത്തിനും മർദ്ദനമേറ്റു. ഡബ്ലിനിലെ ലൂക്കനിൽ വച്ചായിരുന്നു ഇരുവരും ആക്രമണം നേരിട്ടത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം എന്നാണ് രോഹിത് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. യുണൈറ്റഡ് ഹിൽക്രെസ്റ്റ് ഫീൽഡിൽ ആയിരുന്നു സംഭവം. സുഹൃത്തിനൊപ്പം പാർക്കിൽ ഇരിക്കുകയായിരുന്നു രോഹിത്. ഇതിനിടെ ഒരു കൂട്ടം കൗമാരക്കാർ അവരുടെ അടുത്ത് എത്തുകയായിരുന്നു. തുടർന്ന് യാതൊരു പ്രകോപനവും ഇല്ലാതെ ഇരുവരെയും ആക്രമിച്ചു. ഇവരുടെ ബാഡ്മിന്റൺ ഉപകരണങ്ങളും സംഘം നശിപ്പിച്ചു.

