ന്യൂഡൽഹി : ഡൽഹി കൃഷി ഭവനിലുള്ള ഖദീമി മസ്ജിദ് പൊളിച്ചുനീക്കണമെന്ന് ഡൽഹി ഹൈക്കോടതിയെ അറിയിച്ച് സർക്കാർ. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായാണ് പള്ളി പൊളിച്ചു നീക്കുക. കേന്ദ്രസർക്കാർ ഓഫീസ് സമുച്ചയത്തിനുള്ളിൽ സ്ഥിരമായ മതനിർമ്മിതി നിലനിർത്തുന്നത് അനുവദനീയമായ കാര്യമല്ലെന്നും, ഇത് സർക്കാരിന്റെ മതേതര സ്വഭാവത്തിന് ചേരുന്നതല്ലെന്നുമാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത് .
ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കൃഷിഭവനും, സെൻട്രൽ സെക്രട്ടറിയേറ്റ് സമുച്ചയവും സർക്കാർ , ഭരണ, പൊതുസേവന ആവശ്യങ്ങൾക്കായി മാത്രം ഉദ്ദേശിച്ചിട്ടുള്ള മതേതര ഇടങ്ങളാണെന്ന് സർക്കാർ പറയുന്നു. “കേന്ദ്രസർക്കാർ ഓഫീസ് സമുച്ചയത്തിനുള്ളിൽ സ്ഥിരമായ ഒരു മത ഘടന സ്ഥാപിക്കുന്നതോ നിലനിർത്തുന്നതോ, അല്ലെങ്കിൽ അതിനായുള്ള ആവശ്യമുയർത്തുന്നതോ അനുവദനീയമല്ല. ഇത് സർക്കാർ സ്വത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണ്,” കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ നിഷാന്ത് ഗൗതം പറഞ്ഞു.
സെൻട്രൽ വിസ്ത റീഡവലപ്പ്മെന്റ് മാസ്റ്റർപ്ലാനിന്റെ ഭാഗമായി നിലവിലുള്ള ശാസ്ത്രി ഭവനും,കൃഷി ഭവനും മാറ്റി സ്ഥാപിച്ച് പ്ലോട്ട് നമ്പർ 120- ൽ കോമൺ സെൻട്രൽ സെക്രട്ടറിയേറ്റ് കെട്ടിടങ്ങൾ 4,5 എന്നിവ പുനർ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. ദേശീയ ഭരണനിർവ്വഹണത്തിന് അത്യാപേക്ഷിതമായ അടിസ്ഥാന സൗകര്യങ്ങൾ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഡോ. രാജേന്ദ്രപ്രസാദ് റോഡിലുള്ള കൃഷി ഭവൻ വളപ്പിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും , ഇത് ലാൻഡ് ആന്റ് ഡവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള സർക്കാർ ഭൂമിയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേന്ദ്രഭരണമേഖലയിലുള്ള പൊതുഭൂമിയിൽ സ്ഥിരമായ മതപരമായ ആവശ്യങ്ങൾക്കായി സ്ഥലം നീക്കി വയ്ക്കാൻ കഴിയില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
1940 നവംബർ 8 ലെ കരാർ പ്രകാരം പള്ളി കമ്മിറ്റിയ്ക്ക് ഭൂമി ഉപയോഗിക്കാൻ മാത്രമാണ് അനുമതി നൽകിയിരുന്നത് . മറിച്ച് ആ ഭൂമിയിൽ അവർക്ക് യാതൊരു വിധ ഉടമസ്ഥാവകാശവും ഇല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതുകൊണ്ട് തന്നെ പള്ളി സംരക്ഷിക്കണമെന്നും, മാറ്റി സ്ഥാപിക്കാൻ പകരം ഭൂമി നൽകണമെന്നുമുള്ള പള്ളി കമ്മിറ്റിയുടെ ആവശ്യം സർക്കാർ തള്ളി. പ്രാർത്ഥനാസൗകര്യത്തെ പറ്റിയുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും , കൃഷിഭവന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിനുള്ളിൽ മറ്റൊരു പള്ളിയുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി മസ്ജിദ് പൊളിച്ചു മാറ്റിയേക്കുമെന്ന ആശങ്ക അറിയിച്ചാണ് ഖദീമി മസ്ജിദ് പരിപാലന സമിതി ഹൈക്കോടതിയിൽ ഹർജി നൽകിയത് . ഇതിന് മറുപടിയായാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. കേസിൽ അടുത്തവാദം ഈ മാസം 23 ന് കേൾക്കും.

